കണ്ഠദേശത്തിങ്കല്‍നിന്നങ്ങെടുത്തിട്ടു രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാള്‍ ഭക്തൃമുഖാബ്ജയും മാരുതിവക്ത്രവും മദ്ധ്യേ മണിമയമാക്കിയ ഹാരവും ഇംഗിതജ്ഞന്‍ പുരുഷോത്തമനന്നേരം മംഗലദേവതയോടു ചൊല്ലീടിനാന്‍: “ഇക്കണ്ടവര്‍കളിഷ്ടനാകുന്നതോ& തുള്‍ക്കമലത്തില്‍ നിനക്കു മനോഹരേ! നല്കീടവന്നു നീ മറ്റാരുമില്ല നി& ന്നാകുത ഭംഗം വരുത്തുവാനോമലേ” എന്നതു കേട്ടു ചിരിച്ചു വൈദേഹിയും മന്ദം വിളിച്ചു ഹനുമാനു നല്‍കിനാള്‍. ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും മാരുതിയും പരമാനന്ദസംയുതം അഞ്ജലിയോടും തിരുമുമ്പില്‍ നിന്നീടു& മഞ്ജനാപുത്രനെക്കണ്ടു രഘുവരന്‍. മന്ദമരികേ വിളിച്ചരുള്‍ചെയ്തിതാ& നന്ദപരവശനായ് മധുരാക്ഷരം: “മാരുതനന്ദന! വേണ്ടും വരത്തെ നീ വീരാ! വരിച്ചുകൊള്‍കേതും മടിയാതെ” എന്നതു കേട്ടു വന്ദിച്ചുകപീന്ദ്രനും മന്നവന്‍തന്നോടപേക്ഷിച്ചരുളിനാന്‍: “സ്വാമിന്‍! പ്രഭോ! നിന്തിരുവടിതന്നുടെ നാമവും ചാരുചരിതവുമുള്ളനാള്‍ ഭൂമിയില്‍ വാഴാനനുഗ്രഹിച്ചീടണം രാമനാമം കേട്ടുകൊള്‍വാനനാരതം നാമജപസ്മരണശ്രവണങ്ങളില്‍ മാമകമാനസേ തൃപ്തിവരാ വിഭോ! മറ്റു വരം മമ വേണ്ടാ ദയാനിധേ! മറ്റുമിളക്കമില്ലാതൊരു ഭക്തിയും ഉണ്ടായിരിക്കേണമെന്നതു കേട്ടൊരു പുണ്ഡരീകാക്ഷനനുഗ്രഹം നല്‍കിനാന്‍: “മല്‍ക്കഥയുള്ള നാള്‍ മുക്തനായ് വാഴ്ക നീ ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!“ ജാനകേദേവിയും ഭോഗാനുഭൂതികള്‍ താനേ വരികെന്നനുഗ്രഹിച്ചീടിനാള്‍. ആനന്ദബാഷ്പപരീതാക്ഷനായവന്‍ വീണു നമസ്കൃത്യ പിന്നെയും പിന്നെയും രാമസീതാജ്ഞയാ പാരം പണിപ്പെട്ടു രമപാദാബ്ജവും ചിന്തിച്ചു ചിന്തിച്ചു ചെന്നു ഹിമാചലം പുക്കു തപസ്സിനായ്.
|