വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 27 ജനുവരി 2021 (14:37 IST)
ശരീരഭാഗങ്ങൾ പരസ്‌പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗീക കുറ്റമല്ല എന്ന ബോബെ ഹൈക്കോടതി വിധിയിൽ പോക്സോ വകുപ്പുകൾ ഒഴിവാക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധിയ്ക്കെതിരെ കേന്ദ്ര സർക്കാർ കോടതിയെ സമീപിയ്ക്കുകയായിരുന്നു. അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിയ്ക്കുന്നതാണ് ബോംബെ ഹൈക്കോടതി വിധി എന്നും കേസിൽ സ്വമേധയ ഇടപെടണം എന്നും അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ സ്വമേധയ ഇടപെടണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം കേസിൽ അപ്പീൽ ഫയൽ ചെയ്യാൻ കോടതി അറ്റോർണി ജനറലിന് നിർദേശം നൽകി. പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച മുപ്പത്തിയൊന്നുകാരനെ മൂന്നു വർഷം ശിക്ഷിച്ച സെഷൻസ് കൊടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജനുവരി 19ന് ബോംബെ ഹൈക്കോടതി വിചിത്ര വിധി പ്രസ്താവിച്ചത്. 2018ൽ നാഗ്പൂരിലാണ് കേസിനാസ്പദമായ സംഭവം. പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് പെൺക്കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മാറിടത്തിൽ സ്പർശിയ്ക്കുകയും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിയ്ക്കുകയും ചെയ്തു എന്നാണ് കേസ്. എന്നാൽ മേൽ വസ്ത്രം മാറ്റതെ മാറിടത്തിൽ സപർശിച്ചതിനെ ലൈംഗിക അതിക്രമമായി കാണനാകില്ല എന്നും ഐപിസി 354 പ്രകാരം പെൺകുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിന് പ്രതിയ്ക്കെതിരെ കേസെടുക്കാം എന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഈ വകുപ്പ് പ്രകാരം ഒരു വർഷം മാത്രമാണ് പരമാവധി ശിക്ഷ.