ന്യൂഡൽഹി|
JOYS JOY|
Last Modified തിങ്കള്‍, 18 ജൂലൈ 2016 (10:31 IST)
ലോക്‌സഭ എം പിയും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് മെഹര്‍ തരാറിനെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവരെ ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചോദ്യം ചെയ്യലിനായി മൂന്നുമാസം മുമ്പ് തരാർ ഇന്ത്യയില്‍ എത്തിയിരുന്നുവെന്നും സെൻട്രൽ ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യലിനായി തരാര്‍ ഇന്ത്യയിലെത്തിയത്. അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അയച്ച കത്തിന് അനുകൂലമായിട്ടായിരുന്നു തരാര്‍ പ്രതികരിച്ചത്.
അതേസമയം, ശശി തരൂരുമായി പ്രണയബന്ധമുണ്ടെന്ന ആരോപണം ചോദ്യം ചെയ്യലിൽ അവര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ശശി തരൂരുമായി ഇമെയിലുകളോ മറ്റു സന്ദേശങ്ങളോ കൈമാറിയെന്ന വാർത്തയും ഇവർ നിഷേധിച്ചു.