aparna shaji|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (12:50 IST)
ഒരാഴ്ച മുമ്പ് ഗുഡ്ഗാവ് നഗരം പെരുമഴയുടെ പിടിയിലായിരുന്നു. മഴയിൽ വലഞ്ഞായിരുന്നു നാടും നഗരവും. കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളപ്പൊക്കം ഉണ്ടായതും പെട്ടന്നായിരുന്നു. വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വർധിച്ചപ്പോൾ റോഡുകളിൽ ബ്ലോക്കും കൂടിയിരുന്നു. മഴയായാലും വെയിലായാലും ഇതൊന്നും വകവെക്കാതെ ബ്ലോക്ക് അഴിക്കാൻ പാടുപെടുന്ന ട്രാഫിക് പൊലീസുകാരെ ആരും കാണാറില്ല.
കനത്ത മഴയിലും ജനങ്ങളെ സേവിക്കുകയും ജോലി കൃത്യമായി ചെയ്യുകയും ചെയ്യുന്ന ഒരു പൊലീസുകാരന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഴയിൽ ഒരു കുട പോലും പിടിക്കാതെ ബ്ലോക്ക് ഒഴുവാക്കുകയാണ് ഈ പൊലീസുകാരൻ. അതും നഗ്ന പാദവുമായി. രാഹുൽ ശർമ എന്ന യുവാവാണ് ഈ പൊലീസുകാരന്റെ ചിത്രം എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാകേഷ് കുമാർ എന്നാണ് പൊലീസുകാരന്റെ പേര്. ഇന്ത്യയിലെ ഹരിയാനയിലെ സോനിപാതാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. വളരെ കൃത്യമായി ജോലി എടുക്കുന്ന ഇദ്ദേഹത്തോട് ഫോട്ടോ എടുക്കുമ്പോൾ എന്താണ് ഷൂ ഇടാത്തതെന്ന് ചോദിച്ച യുവാവിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു 'സർ എനിക്ക് നാളെയും ഡ്യൂട്ടി ചെയ്യേണ്ടതാണ്. എന്നാൽ എനിക്ക് ആകെ ഒരു ബൂട്ടേ ഉള്ളു'.
ഏത് കാലാവസ്ഥയിലും ഏത് സാഹചര്യത്തിലും പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്യണമെന്ന് പറയുന്നവരാണ് പൊതുവെ ഉള്ളവർ. എന്നാൽ ഇത് അദ്ദേഹം ചെയ്ത വലിയ കാര്യമാണ് എന്നതിന്റെ ഏറ്റവും തെളിവാണ് ഈ പോസ്റ്റിന് ലഭിക്കുന്ന പിന്തുണ.