അഭിറാം മനോഹർ|
Last Modified ഞായര്‍, 3 ഒക്‌ടോബര്‍ 2021 (08:27 IST)
മുംബൈ തീരത്തെ ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ എട്ട് പേര്‍ പിടിയില്‍. ബോളിവുഡിലെ ഒരു സൂപ്പർ താരത്തിന്റെ മകനുൾപ്പടെയുള്ളവരാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്‌തു. കോർഡിലിയ എന്ന ക്രൂയിസ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ശനിയാഴ്‌ച്ച നടത്തിയ പാർട്ടിക്കിടയിലായിരുന്നു എൻസിബിയുടെ റെയ്‌ഡ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്.പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നു.
ഒക്‌ടോബർ 2 മുതൽ നാലുവരെയാണ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്.സംഗീത പരിപാടി എന്ന നിലയിൽ പരിപാടിയുടെ നൂറോളം ടിക്കറ്റ് വിറ്റഴിച്ചിരുന്നു.