മുംബയ്|
VISHNU N L|
Last Modified ബുധന്‍, 24 ജൂണ്‍ 2015 (18:23 IST)
മഹാരാഷ്ട്രയിലെ ബിജെപി ഘടകത്തിനെ വെട്ടിലാക്കിക്കൊണ്ട്
മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ഡെക്കെതിരെ 200 കോടി രൂപയുടെ അഴിമതി ആരോപണമുയര്‍ന്നു. സർക്കാർ സ്കൂളുകളിലെ ആദിവാസിക്കുട്ടികളുടെ പഠനത്തിനായി പുസ്തകങ്ങളും വാട്ടർ ഫിൽട്ടറുകളുമടങ്ങുന്ന പഠന സാമഗ്രികൾ വാങ്ങാൻ കരാർ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. പ്രതിപക്ഷമാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
പങ്കജാ മുണ്ഡെ അടിസ്ഥാന നടപടിക്രമം ലംഘിച്ചതായി തെളിയിക്കുന്ന രേഖകൾ ലഭിച്ചതായി കോൺഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ അനുവദിച്ച 24 കരാറുകളിലാണ് ക്രമക്കേട് ആരോപിക്കുന്നത്. ഓൺലൈൻ ലേലത്തിന്റെ വ്യവസ്ഥകളൊന്നും പങ്കജാ പാലിച്ചില്ല എന്ന ഗുരുതരമായ കാര്യവും പ്രതിപക്ഷം എടുത്തുകാണിച്ചിട്ടുണ്ട്.
കൂടുതൽ തുക ഈടാക്കുന്ന തരത്തിലുള്ള കരാറുകളാണ് അധികവുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമവികസന വകുപ്പ് മന്ത്രിയായ പങ്കജ ഇപ്പോള്‍ യുഎസ് സന്ദർശനത്തിലാണ്. പരേതനായ മുൻ കേന്ദ്രമന്ത്രി ഗോപിനാഥ മുണ്ഡെയുടെ മകളാണ് പങ്കജ.