മുംബൈ|
vishnu|
Last Modified ബുധന്‍, 7 ജനുവരി 2015 (13:51 IST)
മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിനു സുരക്ഷ ശക്തമാക്കി. വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലുള്ള ടോയ്‌ലെറ്റിന്റെ ഭിത്തിയില്‍ ജനുവരി 10ന് ഐസിന്റെ ആക്രമണമുണ്ടാകുമെന്ന് ആരോ എഴുതി വച്ചതിനെ തുടര്‍ന്നാണ് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്‌എഫ് സെക്യൂരിറ്റി ക്യാമറകള്‍ പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെ രണ്ടാമത്തെ ലെവലിലാണ് എഴുത്തു കണ്ട ടോയ്‌ലെറ്റുള്ളത്. ഈ ഭാഗത്തെ ശുചീകരണ തൊഴിലാളികളെ സിഐഎസ്‌എഫ് ചോദ്യം ചെയ്തിട്ടുണ്ട്.
രാജ്യത്ത് റിപ്പബ്ലിക് ദിനാചരണം നടക്കാനിരിക്കെ ഇത്തരത്തിലൊരു സുരക്ഷാ വീഴ്ചയുണ്ടായത് സുരക്ഷാ ഏജന്‍സികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഗുജറാത്ത് തീരത്ത് ബോട്ട് കത്തി നശിച്ചതിനേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ യാത്രക്കാരാരെങ്കിലും വെറുതെ ഇത്തരത്തില്‍ എഴുതാന്‍ സാധ്യതയില്ലാത്തതിനാല്‍ എഴുതിയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിഐഎസ്‌എഫും മുംബൈ പൊലീസും.
രാജ്യത്ത് നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളോടൊപ്പം പോയ നാലുപേര്‍ മുംബൈ സ്വദേശികളാണെന്നതിനാല്‍ സംഭവത്തെ ഗൌരവത്തോടെ കാണാനാണ് സുരക്ഷാ ഏജന്‍സികളുടെ തീരുമാനം. അതേ സമയം വ്യാജ ഭീകരാക്രമണ ഭീഷണിയാണൊ ഇതെന്നും അന്വേഷിക്കുന്നുണ്ട്.