ന്യൂഡൽഹി|
Last Modified ഞായര്‍, 14 ഏപ്രില്‍ 2019 (16:14 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ അടുത്ത ആഭ്യന്തരമന്ത്രി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കുമെന്ന് ഡൽഹി മുഖ്യമന്തി അരവിന്ദ് കേജ്‌രിവാൾ.
അമിത് ഷാ ആഭ്യന്തരമന്ത്രി ആവുകയാണെങ്കിൽ ഗോവയിലെ സാമ്പത്തിക വ്യവസ്ഥിതി തകരും. ഗോവയിൽ ഇതുവരെ ആൾക്കൂട്ട കൊലപാതകം നടന്നിട്ടില്ല. ബിജെപി തിരിച്ചധികാരത്തിലെത്തിയാൽ ഗോവയിലെ സ്ഥിതി മാറും. വിദേശികൾ ഏറെ എത്തുന്ന സ്ഥലമാണ് ഗോവ. ഇത്തരത്തിലുള്ള സംഭവങ്ങൾ ഗോവയിൽ ഉണ്ടായാൽ വിദേശ സഞ്ചാരികൾ എത്തുന്നത് കുറയുമെന്നും അത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
അമിത്ഷായുടെയും മേദിയുടെയും ഭരണതന്ത്രം ഭിന്നിപ്പിച്ചു ഭരിക്കലാണ്. ജീവിത കാലം മുഴുവൻ പ്രധാനമന്ത്രിയാകാനാണ് മോദി ശ്രമിക്കുന്നത്. ഇന്ത്യയെയും ഭരണഘടനെയെയും സംരക്ഷിക്കുകയാണ് ആവശ്യമെന്നും തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഗോവയിലെ പൊതുറാലി അഭിസംബോധന ചെയ്‌ത് സംസാരിക്കവെ കെജ്‌രിവാള്‍ പറഞ്ഞു.
ഹിറ്റ്‌ലർ ജർമനിയിൽ ചാൻസിലറായപ്പോൾ മൂന്ന് മാസം കൊണ്ട് അദ്ദേഹം തെരഞ്ഞെടുപ്പും ഭരണഘടനയെയും പാടെ മാറ്റി. ഈ മാതൃക തന്നെയാണ് ബിജെപിയും പിന്തുടരുന്നത്. മോദി വീണ്ടും അധികാരത്തിലെത്തണമെന്നും അങ്ങനെയാണെങ്കിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും പാകിസ്ഥാൻ പ്രാധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇമ്രാൻ ഇങ്ങനെ പറയുന്നതെന്നും, മോദി വിജയിക്കാൻ ഇമ്രാൻ ആഗ്രഹിക്കുന്നത് എന്തിനാണെന്നും കേജ്‌രിവാൾ ചോദിച്ചു.