ന്യൂഡല്‍ഹി|
Sajith|
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (18:16 IST)
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റില്‍നിന്ന് ഉയര്‍ന്ന ശബ്‌ദം ലോകകപ്പ് ട്വന്റി20-യില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മോശം പ്രകടനമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി തിരിച്ചുവരവിന്റെ പാതയില്‍ ധോണി നില്‍ക്കവെയാണ് സച്ചിന്റെ ഈ പ്രതികരണം.
ഒരു താരവും യന്ത്രങ്ങളല്ല, അതുകൊണ്ടുതന്നെ ജീവിതകാലം മുഴുവനും ഒരു താരത്തിനും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയില്ലയെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ധോണിയുടെ ബാറ്റില്‍ പന്ത് സ്‌പര്‍ശിച്ചപ്പോഴുണ്ടായ ശബ്‌ദം കേട്ടപ്പോള്‍ അത് വ്യത്യസ്‌മായ ഒരു അനുഭവമായാണ് തനിക്ക് തോന്നിയതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള കഴിവാണ് ധോണിയെ ഒരു മികച്ച ക്യാപ്‌റ്റനാക്കിയത്. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ധോണിക്ക് പക്വതയെത്തിക്കഴിഞ്ഞു. പിരിമുറുക്കം അനുഭവിക്കുമ്പോഴും ധോണി അത് പുറത്തുകാണിക്കാത്തത് ഒരു നല്ല സൂചനയാണ്. ഒരു ക്യാപ്‌റ്റന്‍ പതറുന്നുയെന്നത് മറ്റുള്ളവരില്‍ പരിഭ്രമം സൃഷ്‌ടിക്കും. എന്നാല്‍ ധോണിയുടെ കാര്യത്തില്‍ ഇത്തരം പേടി വേണ്ടെന്നും സച്ചിന്‍ പറഞ്ഞു.
യുവരാജിന്റെ മടങ്ങിവരവിലും ഇന്ത്യയ്‌ക്ക് പ്രതീക്ഷിക്കാന്‍ ഏറെയുണ്ടെന്ന് സച്ചിന്‍ വ്യക്തമാക്കി. കഴിഞ്ഞ ഏഷ്യാകപ്പില്‍ യുവിയില്‍ ഉണ്ടായ വ്യത്യാസം താന്‍ കണ്ടിരുന്നു. ധോണിയെപ്പോലെതന്നെ യുവിയുടെ ബാറ്റില്‍നിന്ന് ഉയരുന്ന ശബ്‌ദവും തനിക്ക് പ്രിയപ്പെട്ടതാണ്. മുന്‍കൂട്ടി വിധിക്കാവുന്ന ഒരു പാറ്റേണ്‍ ഇല്ലാ എന്നതാണ് ടീം ഇന്ത്യയുടെ വിജയം. അതുകൊണ്ടുതന്നെ 2016 ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് 2011 ഏപ്രില്‍ രണ്ടിന് മുംബൈയില്‍ നടന്ന ആഘോഷങ്ങളില്‍നിന്ന് വലിയ വ്യത്യാസമുണ്ടായിരിക്കില്ലയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.