തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified ഞായര്‍, 15 ഓഗസ്റ്റ് 2021 (10:34 IST)
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പാർട്ടി ഓഫീസുകളിൽ
ദേശീയ പതാക ഉയർത്തി സിപിഎം. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ എ.കെജി സെന്ററില്‍ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് ദേശീയപതാക ഉയർത്തിയത്. പി.കെ ശ്രീമതി, എം.സി ജോസഫൈന്‍ എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിച്ചു.
കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയര്‍ത്തി. സമാനമായി മറ്റ് ജില്ലകളിലെ ജില്ലാ കമ്മിറ്റി ഓഫീസുകളിലും പതാക ഉയർത്തി. ഇന്ത്യ പൂർണമായ സ്വാതന്ത്രം നേടിയിട്ടില്ലെന്നായിരുന്നു ഇതുവരെയുള്ള പാർട്ടി
നിലപാട്.
അതിനാൽ സ്വാതന്ത്ര്യദിനം ഔദ്യോഗികമായി ആചരിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. എന്നാൽ ദേശീയതാവാദം ആർഎസ്എസ് ആയുധമാക്കാൻ തുടങ്ങിയതോടെയാണ് സ്വാതന്ത്ര്യദിനാഘോഷം നടത്താനും സ്വാതന്ത്ര്യസമരത്തില്‍ പാര്‍ട്ടിയുടെ പങ്ക് വിശദീകരിച്ച് പ്രചാരണം നടത്താനും സി.പി.എം. കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്.
ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള സംഭാവന വളരെ വലുതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു.