ന്യൂഡല്‍ഹി|
Last Modified വെള്ളി, 18 നവംബര്‍ 2016 (16:11 IST)
നോട്ടു നിരോധനത്തിനു കാരണം പാര്‍ട്ടിയിലെ അവിവാഹിതരാണെന്ന് ബി ജെ പി സഹയാത്രികനും യോഗാചാര്യനുമായ ബാബ രാംദേവ്. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു തമാശരൂപേണ നോട്ടുനിരോധനത്തെക്കുറിച്ച് ബാബ രാംദേവ് പരാമര്‍ശിച്ചത്.
ബി ജെ പിയില്‍ ഭൂരിപക്ഷവും അവിവാഹിതരാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് വിവാഹ സീസണെക്കുറിച്ചൊന്നും അറിയില്ല. ഇതാണ് ഇത്തരമൊരു അബദ്ധം പിണയാന്‍ കാരണമായത്. ഒരു മാസമോ രണ്ടാഴ്ചയോ കഴിഞ്ഞിട്ടായിരുന്നു നിരോധനമെങ്കില്‍ വിവാഹങ്ങളെ ഇത്രയും ബാധിക്കില്ലായിരുന്നു എന്നും രാംദേവ് പറഞ്ഞു.
എന്നാല്‍, വിവാഹ സീസണില്‍ നോട്ട് നിരോധിച്ചതില്‍ നല്ല കാര്യം കണ്ടെത്താനും ബാബ രാംദേവിന് കഴിഞ്ഞു. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ ഈ കാലയളവില്‍ ആരും സ്ത്രീധനം ചോദിക്കില്ല എന്നതാണ് ഒരു നല്ല കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും അധികം വിവാഹങ്ങള്‍ നടക്കുന്നത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് വിവാഹം നിശ്ചയിച്ചവര്‍ ദുരിതത്തിലാണ്. അതേസമയം, വിവാഹ ആവശ്യങ്ങള്‍ക്കായി രണ്ടരലക്ഷം രൂപ പിന്‍വലിക്കാമെന്ന് ഇന്നലെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.