ആ പൂച്ചയെ വിട്ടതാര്? അഭിരാമിയും ഡെന്നിസും വീണ്ടും വരുമോ? സമ്മര്‍ ഇന്‍ ബത്‍ലഹേമിന് 22 വയസ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (16:34 IST)
എത്ര കണ്ടാലും മതിവരാത്ത ചിത്രമായ 'സമ്മര്‍ ഇന്‍ ബത്‍ലഹേം' റിലീസ് ആയിട്ട് ഇന്നേക്ക് 22 വർഷം തികയുകയാണ്. ജയറാമിൻറെ
രവിശങ്കറും അഞ്ചു കസിൻസും പിന്നെ സുജാതയുടെ ശബ്ദത്തിലെ 'എത്രയോ ജന്മമായി' എന്നു തുടങ്ങുന്ന പാട്ടും ഇന്നും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. സുരേഷ് ഗോപിയുടെ ഡെന്നിസിൻറെ ഫാമിലേക്ക് അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും ഓരോ തവണ കാണുമ്പോഴും പുത്തൻ അനുഭവങ്ങളാണ് ഓരോ ആസ്വാദകനും ലഭിക്കുന്നത്. മഞ്ജുവാര്യരുടെ അഭിരാമിയെയും മോഹൻലാലിന്‍റെ നിരഞ്ജനെയും വീണ്ടും കാണുമ്പോൾ അറിയാതെയെങ്കിലും കണ്ണിൽ നിന്നൊരു ഒരുതുള്ളി കണ്ണുനീർ പൊടിയാത്തവര്‍ ചുരുക്കം.

1998 സെപ്റ്റംബർ 4നാണ് സിനിമ തിയറ്ററുകളിലെത്തിയത്. ചിത്രം റിലീസ് ആയിട്ട് കാലമിത്രയായിട്ടും എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്. ആരാണ് ആ പൂച്ചയ്ക്ക് പിന്നിലെന്ന്. ഓരോ തവണ സിനിമ കാണുമ്പോഴും നമ്മളെല്ലാം പരസ്പരം അറിയാതെ ചോദിച്ചു പോകും. പിന്നെ അതിൻറെ ഉത്തരം കണ്ടെത്താൻ ശ്രമിക്കും. സോഷ്യൽ മീഡിയയിലൂടെ പല ഉത്തരങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഇത്രയും കാലമായിട്ടും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിനെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ഈ ചിത്രം നിർമ്മിച്ചത്. തിരക്കഥ നിർവ്വഹിച്ചത് രഞ്ജിത്താണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :