എ കെ ജെ അയ്യർ|
Last Modified വെള്ളി, 2 ഡിസംബര്‍ 2022 (15:12 IST)
വെഞ്ഞാറമൂട് : വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ക്രൂരമായ രീതിയിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു എന്ന 32 കാരനെയാണ് കഴിഞ്ഞ ദിവസം വെളുപ്പിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
2016 ജനുവരി 27 നായിരുന്നു ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റിനടുത്ത് വച്ച് പട്ടാപ്പകൽ ഇയാൾ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ സൂര്യ എസ്.നായരെ വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ശേഷം ഇയാളെ കൊല്ലത്തെ കച്ചേരി ജംഗ്‌ഷനിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് ഞരമ്പ് മുറിച്ചു രക്തം വാർന്ന നിലയിൽ ഇയാളെ പോലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം വെളുപ്പിന് അഞ്ചുമണിയോടെ വീടിന്റെ ഒന്നാം നിലയിലേക്ക് പോയ ഇയാളെ ഏറെ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോൾ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് ഇയാൾ തൂങ്ങിനില്ക്കുന്ന കണ്ടത്. എന്നാൽ ശരീരത്തിൽ നേരിയ അനക്കം ഉണ്ടായിരുന്നതിനാൽ ഇയാളെ ഉടൻ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.