വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ചു തീകൊളുത്തി കൊന്ന കേസിൽ അയൽക്കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 26 നവം‌ബര്‍ 2022 (14:48 IST)
ഇടുക്കി: മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ചു തീകൊളുത്തി കൊന്ന കേസിൽ അയൽക്കാരൻ അറസ്റ്റിൽ. പൊതുപ്രവർത്തകൻ കൂടിയായ ഇടുക്കി നാരകക്കാനം വെട്ടിയാങ്കൽ സജി എന്ന തോമസ് വർഗീസ് (54) ആണ് പോലീസ് പിടിയിലായത്.

നാരകക്കാനം കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ തോമസ് വർഗീസിനെ തമിഴ്‌നാട്ടിലെ കമ്പത്തു നിന്നാണ് പിടികൂടിയത്. മോഷണ ശ്രമം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയത് എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച വളയും മാലയും ഇയാൾ പണയം വച്ചതും കണ്ടെടുത്തു. വെട്ടുകത്തിയുടെ പിറകുവശം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയും ചെയ്തു. തുടർന്നാണ് ഗ്യാസ് സിലിണ്ടർ തുടർന്ന് വിട്ടു തീകത്തിച്ചത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ചിന്നമ്മയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകനും മരുമകളും ഇവരുടെ മൂന്നു മക്കളുമാണ് വീട്ടിൽ താമസിച്ചതെങ്കിലും സംഭവ സമയത്തു മറ്റാരും ഇല്ലായിരുന്നു. കൊച്ചു മകൾ സ്‌കൂൾ വിട്ടു വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഈ സമയത്തു ഗ്യാസ് സിലിണ്ടർ മറിഞ്ഞു വീണുകിടക്കുന്ന നിലയിലുമായിരുന്നു. അപകടമാണ് ഉണ്ടായതെന്നാണ് തുടക്കത്തിൽ കരുതിയത്.

എന്നാൽ തുടർന്നു നടത്തിയ അന്വേഷണത്തിൽ മോഷണത്തിനിടെയാണ് ഇവർ മരിച്ചതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സജിയെ പോലീസ് പിടികൂടിയത്. ഇതിനായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഡി.വൈ.എസ്.പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :