എന്നു നിന്‍റെ മൊയ്തീനില്‍ സംവിധായകന് പിശക് പറ്റിയെന്ന് വി ടി ബല്‍റാം

തിരുവനന്തപുരം| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (17:40 IST)
പൃഥ്വിരാജ് നായകനായെത്തുന്ന എന്നു നിന്‍റെ മൊയ്തീനില്‍ പരാമർശിക്കപ്പെടുന്ന രാഷ്ട്രീയ കാര്യങ്ങളിൽ തിരക്കഥാകൃത്തിനും സംവിധായകനും പിശകുകൾ പറ്റിയിട്ടുണ്ടെന്ന് എംഎല്‍എ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് വി ടി ബല്‍റാം പ്രതികരിച്ചത്
മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെക്കുറിച്ച് താനഭിപ്രായം പറയുന്നില്ലെന്ന് പറഞ്ഞ് ആരംഭിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ നാടകത്തിലൂടെ മൊയ്തീന്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ കോമാളിവത്കരിക്കപ്പെടുകയാണെന്നും വി.ടി ബല്‍റാം കുറ്റപ്പെടുത്തി. സിനിമയിലെ ഓരോ രംഗങ്ങളും വിശദീകരിച്ചാണ് ബല്‍റാം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം....

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെക്കുറിച്ച് ഞാനഭിപ്രായം പറയുന്നില്ല. അതിപ്പോൾ സൈബർ ലോകം കൊണ്ടാടുകയാണല്ലോ. എന്നാൽ മൊയ്തീനുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെടുന്ന രാഷ്ട്രീയ കാര്യങ്ങളിൽ തിരക്കഥാകൃത്തിനും സംവിധായകനും ആവശ്യത്തിലേറെ പിശകുകൾ പറ്റിയിട്ടുണ്ടെന്ന് പറയാതെ വയ്യ. കാലഗണനയൊക്കെ പാടെ പാളിപ്പോവുകയാണ്. അതോടൊപ്പം നാടകത്തിലൂടെയും മറ്റും മൊയ്തീൻ നടത്തുന്ന സാമൂഹിക ഇടപെടലുകളെ ഒരുമാതിരി കോമാളിവൽക്കരിച്ചതിലൂടെ നിസ്വാർത്ഥനും പൊതുകാര്യ പ്രസക്തനുമായ ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള ആ വ്യക്തിത്ത്വത്തെ വേണ്ടത്ര തിളക്കത്തോടെ അവതരിപ്പിക്കാനും കഴിയാതെപോയി.

കല്യാണമാലോചിച്ച് വരുന്നവരോട് മൊയ്തീൻ പറയുന്നത് ഇപ്പോൾ കേരളം ഭരിക്കുന്നത് ആർ ശങ്കറിന്റെ സർക്കാരാണെന്നാണ്. കേരളത്തിൽ ആർ ശങ്കർ മുഖ്യമന്ത്രി ആയിരുന്നത് 1962-64 കാലഘട്ടത്തിലാണ്. ജവഹർലാൽ നെഹ്രു ആണ് അക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി. പിന്നീട് രണ്ടു വർഷം കൂടി കഴിഞ്ഞ് 1966 ൽ മാത്രമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആവുന്നത്. എന്നാൽ സിനിമയിൽ പ്രധാനമന്ത്രി എന്ന നിലയിൽ തുടക്കം മുതൽ തന്നെ ആവർത്തിച്ച് സൂചിപ്പിക്കുന്നത് ഇന്ദിരാഗാന്ധിയെക്കുറിച്ചാണ്.

"ഇന്ദിരയാണ് ഇന്ത്യ" എന്ന മുദ്രാവാക്യമൊക്കെ കടന്നുവരുന്നത് പിന്നെയും ഏതാണ്ട് പത്ത് വർഷത്തിനു ശേഷം അടിയന്തരാവസ്ഥക്കാലത്താണ്. എന്നാൽ മൊയ്തീൻ തുടങ്ങുന്നത് തന്നെ ഈ മുദ്രാവാക്യത്തെ എതിർത്തുകൊണ്ടാണ്.

മൊയ്തീനെക്കുറിച്ച് കോണ്‍ഗ്രസ്സുകാരനും ഇന്ദിരാ അനുയായിയുമായ ബാപ്പയുടെ സ്ഥിരം ആക്ഷേപം മൊയ്തീന്റെ സോഷ്യലിസത്തെക്കുറിച്ചാണ്. "നിന്റെയൊരു സോഷ്യലിസം" എന്ന് ശകാര രൂപത്തിൽ നിരന്തരം ആവർത്തിക്കുന്നുണ്ട്. എന്നാൽ ഒരു കോണ്‍ഗ്രസ്സുകാരൻ ഒരിക്കലും മറ്റുള്ളവരെ അധിക്ഷേപിക്കാൻ "സോഷ്യലിസ്റ്റ്‌" എന്ന് അക്കാലത്ത് വിളിക്കാൻ ഇടയില്ല. കമ്മ്യൂണിസത്തോട് ശക്തമായ വിയോജിപ്പ്‌ കോണ്‍ഗ്രസ്സുകാർക്ക് ഉണ്ടായിരുന്നെങ്കിലും സോഷ്യലിസത്തോട് അതുണ്ടായിരുന്നില്ല. കാരണം 1955ൽത്തന്നെ സോഷ്യലിസം എന്നത് കർമ്മ പരിപാടിയായി ഏറ്റെടുത്ത സംഘടനയായിരുന്നു കോണ്‍ഗ്രസ്. നെഹ്രുവിന്റെ സോഷ്യലിസ്റ്റ്‌ ആശയങ്ങളെ രാജ്യവും ലോകവും അംഗീകരിച്ചിരുന്നു. പിന്നീട് നെഹ്രുവിനേക്കാൾ വലിയ സോഷ്യലിസ്റ്റ്‌ എന്ന വിശേഷണത്തോടെയായിരുന്നു ഇന്ദിരാഗാന്ധിയുടെ തുടക്കം. കോണ്‍ഗ്രസ്സിലെ പിളർപ്പുകളിലെല്ലാം സോഷ്യലിസ്റ്റ്‌ ചേരിക്ക് നേതൃത്ത്വം നൽകിയിരുന്നത് ഇന്ദിരാഗാന്ധി ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പോലും ഇന്ദിരാഗാന്ധിക്കനുകൂലമായി ഉയർന്ന മുദ്രാവാക്യം "സോഷ്യലിസത്തിൻ പാതയിലൂടെ നമ്മെ നയിക്കും നേതാവേ..." എന്നായിരുന്നു. 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ അതേവരെ ഭരണഘടനയുടെ ആമുഖത്തിൽ ഇല്ലാതിരുന്ന സോഷ്യലിസ്റ്റ്‌, സെക്യുലർ എന്നീ പദങ്ങൾ കൂട്ടിച്ചേർത്തത് പോലും അക്കാലത്താണ്.

ഇനിയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. ഒരു സംഭവ കഥയെ ആസ്പദമാക്കി പുറത്തുവരുന്ന ചലച്ചിത്രം എന്ന നിലയിൽ ഇത്തരം കാര്യങ്ങളിൽ അൽപം കൂടി ഗൃഹപാഠം നന്നായിരുന്നു എന്നഭിപ്രായമുണ്ട്. ഏതായാലും സമീപകാലത്ത് കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു നല്ല പ്രണയകാവ്യമാണ് ഈ ചലച്ചിത്രം. കഥയുടെയും പ്രണയത്തിന്റെയും സ്വാഭാവിക വികാസം പലപ്പോഴും തടസ്സപ്പെടുന്നു, എന്നാൽ ചില ഭാഗങ്ങളിൽ അനാവശ്യമായ വലിച്ചുനീട്ടലും അനുഭവപ്പെടും. കാഞ്ചനമാലയായി പാർവതി മികച്ച അഭിനയം കാഴ്ചവെക്കുന്നു. അപ്പുവായി അഭിനയിക്കുന്ന യുവനടൻ ടോവിനോ തോമസും സായികുമാറും ലെനയും നന്നായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :