തിരുവനന്തപുരം|
Last Modified തിങ്കള്‍, 3 നവംബര്‍ 2014 (19:25 IST)
എറണാകുളത്തെ കെ എസ് യു ക്കാര്‍ക്ക്
വി ടി ബല്‍റാമിന്റെ തുറന്ന കത്ത്.ഒരു പ്രധാന ദിനപത്രത്തില്‍ മൂന്ന് മണിക്ക് എ ബി വി പി, യുവമോര്‍ച്ച, കെ എസ് യു, ശിവസേന, എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ സമരസ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം തുടങ്ങിയെന്ന് വായ്ക്കാനിടയായതിന്റെ ദുഖവും നിരാശയുമാണു തന്നെ ഇങ്ങനെ ഒരു കത്തെഴുതിക്കുന്നതെന്ന് കത്തില്‍ ബല്‍റാം പറയുന്നു
മഹത്തായ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പേര്‍ അറുപിന്തിരിപ്പന്‍ വര്‍ഗ്ഗീയ, സാമുദായിക സംഘടനകളുടേതിനോടൊപ്പം ചേര്‍ത്ത് വായിക്കാനിടവരുന്നത് പഴയകാല കെ എസ് യു പ്രവര്‍ത്തകര്‍ എന്ന ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ് കത്തില്‍ വി ടി ബല്‍റാം പറയുന്നു.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ...
എറണാകുളത്തെ കെ.എസ്.യു.ക്കാര്‍ക്ക് ഒരു തുറന്ന കത്ത്
പ്രിയ കെ.എസ്.യു. സഹപ്രവര്‍ത്തകരേ,
"മൂന്ന് മണിക്ക് എ ബി വി പി, യുവമോര്‍ച്ച, കെ എസ് യു, ശിവസേന, എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ സമരസ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം തുടങ്ങി". ഒരു പ്രധാന ദിനപത്രത്തിലെ ഇന്നത്തെ ഒന്നാം പേജ് വാര്‍ത്തയില്‍ ഇങ്ങനെ വായിക്കാനിടവന്നതിന്റെ ദുഖവും നിരാശയുമാണു എന്നേക്കൊണ്ട് ഇങ്ങനെ ഒരു കത്തെഴുതിക്കുന്നത്. അരനൂറ്റാണ്ടിലേറെക്കാലം വിദ്യാര്‍ത്ഥികളുടെ അവകാശസംരക്ഷണത്തിനായുള്ള ധീരോദാത്തമായ നിരവധി പോരാട്ടങ്ങളോടൊപ്പം നാടിന്റെ സാമൂഹികമാറ്റത്തിനായുള്ള വിപ്ലവകരമായ മുദ്രാവാക്യങ്ങളുമുയര്‍ത്തി ക്യാമ്പസുകളെ ത്രസിപ്പിച്ച് മുന്നോട്ടുപോയ മഹത്തായ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പേര്‍ അറുപിന്തിരിപ്പന്‍ വര്‍ഗ്ഗീയ, സാമുദായിക സംഘടനകളുടേതിനോടൊപ്പം ചേര്‍ത്ത് വായിക്കാനിടവരുന്നത് പഴയകാല കെ എസ് യു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ എന്നേപ്പോലുള്ള അനേകായിരം പേര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന കാര്യം പുതുതലമുറയില്‍പ്പെട്ട നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നാണു എന്റെ പ്രതീക്ഷ.
ചുംബനസമരം ഒരു പ്രതീകാത്മകമായ സമരം മാത്രമാണെന്ന് ദയവായി മനസ്സിലാക്കുക. അതിന്റെ എല്ലാ പരിമിതികള്‍ക്കകത്തും യഥാര്‍ത്ഥത്തില്‍ ഇതൊരു ഫാഷിസ്റ്റ് വിരുദ്ധ സമരം തന്നെയാണു. ഒരുപക്ഷേ "സദാചാരപ്പോലീസിംഗ് വിരുദ്ധ സമര"മെന്നോ മറ്റോ പേരിട്ടിരുന്നെങ്കില്‍ ഇതിത്രകണ്ട് എതിര്‍പ്പുകള്‍ സൃഷ്ടിക്കില്ലായിരുന്നു എന്ന് തോന്നുന്നു. ഏതായാലും സമരത്തെ എതിര്‍ക്കുന്നവരേക്കൊണ്ട് പോലും "ഞങ്ങളും സദാചാരപ്പോലീസിനു എതിരാണു" എന്ന് വാചികമായെങ്കിലും പറയിപ്പിക്കാന്‍ സാധിച്ചു എന്നത് തന്നെയാണീ സമരത്തിന്റെ ഏറ്റവും വലിയ നേട്ടം. നിങ്ങളെയൊക്കെ ഒരുപാട് അരിശം കൊള്ളിച്ച 'പരസ്യചുംബനം' എന്ന സമരരൂപത്തിന്റെ പ്രകോപനപരത ഒന്നുകൊണ്ട് മാത്രമാണു ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സദാചാരപ്പോലീസ് എന്ന ജനാധിപത്യവിരുദ്ധ സാമൂഹിക പ്രവണതക്കെതിരെ മടിച്ചുമടിച്ചാണെങ്കിലും ഒരു നിലപാട് സ്വീകരിക്കാന്‍ തയ്യാറായത് എന്ന് നമ്മിലേക്ക് തന്നെ ആഴ്‌ന്നിറങ്ങി പരിശോധിച്ചാല്‍ മനസ്സിലാവും. സമരം ചെയ്യുന്നവരെ ആഭാസന്മാരായും ഞരമ്പുരോഗികളായുമൊക്കെ ചിത്രീകരിക്കുന്നവര്‍ക്ക് ഒരുപക്ഷെ ഇത് മനസ്സിലാകണമെന്നില്ല. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരു ലിബറല്‍ ജനാധിപത്യം ഇന്ത്യക്കുണ്ടാവണമെന്ന് ആഗ്രഹിച്ച ഭരണഘടനാസ്രഷ്ടാക്കളുടെ രാഷ്ട്രീയ പൈതൃകം പിന്‍പറ്റുന്ന കോണ്‍ഗ്രസ്സിലെ പുതുതലമുറക്ക് ഈ തിരിച്ചറിവ് അനിവാര്യമാണു. മതബോധത്തിലധിഷ്ഠിതമായ മഞ്ഞക്കണ്ണട കൊണ്ടല്ല, ഭരണഘടനാ മൂല്ല്യങ്ങളെ നെഞ്ചേറ്റുന്ന പൗരത്വബോധത്തിലൂടെയാണു കോണ്‍ഗ്രസ്സിലെ യുവത ഈ സമൂഹത്തെ നോക്കിക്കാണേണ്ടത്.
ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലും കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവങ്ങളിലും പ്രതീകാത്മക സമരങ്ങള്‍ നാമേറെ കണ്ടവരാണു. നിലനില്‍ക്കുന്ന സദാചാര സമവായങ്ങളേയും സാംസ്ക്കാരിക പൊതുബോധങ്ങളേയും നേര്‍ക്കുനേര്‍ നിന്ന് തുറന്നെതിര്‍ത്തുകൊണ്ടാണു അത്തരം പുതു പ്രതീകങ്ങളെ നമ്മള്‍ സമരായുധങ്ങളാക്കി മാറ്റിയത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാത്തിനും മേല്‍ കനത്ത നികുതികള്‍ അടിച്ചേല്‍പ്പിച്ച സാമ്രാജ്യത്ത ധിക്കാരത്തിനെതിരെ നമ്മുടെ രാഷ്ട്രപിതാവ് നടത്തിയത് നേരിട്ട് കടലുപ്പ് കുറുക്കുന്ന പ്രതീകാത്മക സമരമാണു. ബ്രാഹ്മണ്യത്തിന്റെ മൂല്ല്യവ്യവസ്ഥളെ തുറന്നെതിര്‍ക്കാന്‍ ശ്രീനാരായണ ഗുരുവും തേടിയത് അരുവിപ്പുറത്ത് "ഈഴവശിവ"നെ പ്രതിഷ്ഠിക്കുന്ന പ്രതീകാത്മകതയേത്തന്നെയാണു. ഇതൊക്കെ നിയമപരമാണോ, നാട്ടില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും എതിരല്ലേ എന്ന സ്ഥിരം ചോദ്യങ്ങള്‍ അന്ന് ഗാന്ധിജിയും ഗുരുവുമൊക്കെ നേരിട്ടിരുന്നു. എന്നാല്‍ അങ്ങനെയാണെങ്കില്‍ ആ നിയമങ്ങളും ആചാരസംഹിതകളും മാറ്റിയെഴുതി പുതിയ സമൂഹത്തെ സൃഷ്ടിക്കാനായിരുന്നു അവരതിനു മറുപടിയായി ആഹ്വാനം ചെയ്തത്.
"ആരെടാ..?" എന്ന ചോദ്യത്തിനോടുള്ള പ്രതികരണം രണ്ട് രീതിയിലാവാം. ഒന്നുകില്‍ "ഞാനാണു സര്‍" എന്ന് വിനീതവിധേയമനസ്സോടെ ഉത്തരം നല്‍കാം, അല്ലെങ്കില്‍ നിവര്‍ന്നുനിന്ന് "ഞാനെടാ" എന്ന് ആത്മവിശ്വാസത്തോടെയുള്ള മറുപടി നല്‍കാം. ആദ്യത്തെ പ്രതികരണം ചോദ്യകര്‍ത്താവിനു ധൈര്യം പകരുന്നു, വീണ്ടും ആ ചോദ്യം പലരോടായി പലയിടത്തായി പലതവണയായി ആവര്‍ത്തിക്കാനുള്ള വീര്യം നല്‍കുന്നു. എന്നാല്‍ രണ്ടാമത്തേത് ചോദ്യകര്‍ത്താവിന്റെ മുഖമടച്ചുള്ള മറുപടിയാണു. പിന്നീടതാവര്‍ത്തിക്കാന്‍ തോന്നാത്തവണ്ണം ചോദ്യകര്‍ത്താവിനെ നിസ്തേജനാക്കുന്ന ആര്‍ജ്ജവമാണത്. സദാചാരഗുണ്ടകള്‍ക്കെതിരായ ചുംബനസമരം ഇതില്‍ രണ്ടാമത്തെ ഗണത്തിലാണു പെടുന്നത്. "റസ്റ്റോറന്റില്‍ ചുംബിക്കരുത്" എന്ന ഫാഷിസ്റ്റിന്റെ സദാചാരതിട്ടൂരത്തോട് "എനിക്കും എന്റെ പങ്കാളിക്കും ഇഷ്ടമാണെങ്കില്‍ നടുറോട്ടിലും ചുംബിക്കും, നീയാരാണു അത് ചോദിക്കാന്‍? " എന്നല്ലാതെ പിന്നെ എങ്ങനെയാണു മറുപടി നല്‍കേണ്ടത്?
ചുംബനസമരത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിങ്ങള്‍ നടത്തിയ ബദല്‍ സമരത്തിന്റെ പ്ലക്കാര്‍ഡുകളില്‍ "സാംസ്ക്കാരികം" എന്ന് അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ പോലും കഴിഞ്ഞില്ലെന്നത് ഞാനേതായാലും കാര്യമാക്കുന്നില്ല. എന്നാലും സമരത്തിനായി തെരഞ്ഞെടുത്ത പ്രതീകങ്ങളെ സംബന്ധിച്ച സാംസ്ക്കാരിക വായനകള്‍ പ്രസക്തമാണെന്ന് തോന്നുന്നു. കേരളീയ സംസ്ക്കാരമെന്നാല്‍ സെറ്റ് സാരിയും ചന്ദനക്കുറിയും മുല്ലപ്പൂവും വായ് മൂടിക്കെട്ടി മിണ്ടാനവകാശം നിഷേധിക്കപ്പെട്ട സ്ത്രീജന്മങ്ങളുമൊക്കെയാണെന്ന് നിങ്ങളും പറയാതെ പറയുമ്പോള്‍ അത് ഇന്നത്തെ കേരളത്തിന്റെ സ്വഭാവമായ ചരിത്രബോധമില്ലായ്മയുടേയും സവര്‍ണ്ണ പൊതുബോധങ്ങളുടേയും ആവര്‍ത്തനം മാത്രമാവുന്നു എന്നത് ഒരു വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെ സംബന്ധിച്ച് ഒരു സാംസ്ക്കാരിക ദുരന്തമാണു.
തന്റെ ശരികളിലൂടെയാണു മറ്റുള്ളവരും നടക്കേണ്ടതെന്നും അങ്ങനെയല്ലാത്തവരെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള മനോഭാവം ഫാഷിസത്തിന്റേതാണു, ജനാധിപത്യത്തിന്റേതല്ല. അതുകൊണ്ടുതന്നെ ഏതൊരു സദാചാരവാദിയുടേയും ഉള്ളില്‍ ഒരു പൊട്ടന്‍ഷ്യല്‍ ഫാഷിസ്റ്റ് ഉണ്ടെന്നും ഭൂരിപക്ഷവും അധികാരവും നല്‍കുന്ന അനുകൂലസാഹചര്യങ്ങള്‍ക്കായി അത് കാത്തിരിക്കുകയാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ശിവസേനക്കും യുവമോര്‍ച്ചക്കും ക്യാമ്പസ് ഫ്രണ്ടിനുമൊക്കെ ഒരേ ശബ്ദമാവുന്ന ഇന്നത്തെ കേരളം ഫാഷിസത്തിന്റേതായ അത്തരം അനുകൂലസാഹചര്യങ്ങളെയാണു നമുക്ക് ചുറ്റും രൂപപ്പെടുത്തികൊണ്ടിരിക്കുന്നത്. ആ വിശാലമുന്നണിയുടെ ഭാഗമായി നമ്മുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനം മാറുന്നത് സ്വയമേവ മാത്രമല്ല, ഈ നാടിനെ സംബന്ധിച്ചിടത്തോളവും ആത്മഹത്യാപരമാണു എന്ന് നിങ്ങള്‍ ദയവായി തിരിച്ചറിയണം.
സ്നേഹാഭിവാദനങ്ങള്‍
വി.ടി. ബല്‍റാം
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.