തൃത്താലയില്‍ തനിക്കെതിരെ മത്സരിക്കാന്‍ സുരേന്ദ്രന് ബല്‍റാമിന്റെ ക്ഷണം

കൊച്ചി| JOYS JOY| Last Modified ശനി, 18 ജൂലൈ 2015 (10:43 IST)
കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ വി ടി ബല്‍റാമും ബി ജെ പി നേതാവായ കെ സുരേന്ദ്രനും തമ്മിലുള്ള ഫേസ്‌ബുക്ക് പോര് അവസാനിക്കുന്നില്ല. തൃത്താലയിലെ പ്രധാനമന്ത്രി എന്ന് തന്നെ വിളിച്ച സുരേന്ദ്രന് ബല്‍റാം മറുപടി നല്കി. തന്റെ അഹന്തയ്ക്കും പരിഹാസത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ തൃത്താലക്കാര്‍ തന്നെ മറുപടി തന്നു കൊള്ളുമെന്നുള്ള സുരേന്ദ്രന്റെ പരാമര്‍ശത്തിന് മടുപടിയായി നല്കിയ പോസ്റ്റില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ തനിക്കെതിരെ മത്സരിക്കാന്‍ സുരേന്ദ്രനെ ക്ഷണിക്കുകയാണ് ബല്‍റാം.

തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് തന്നെ ആവശ്യമുള്ളിടത്തോളം കാലം മാത്രമേ തനിക്ക് അവരുടെ പ്രതിനിധി ആയിരിക്കാന്‍ കഴിയുകയുള്ളൂ എന്നും മറുപടിയില്‍ ബല്‍റാം വ്യക്തമാക്കുന്നു. ബി ജെ പി സ്ഥാനാർത്ഥി തൃത്താലയിൽ ജയിക്കുകയാണെങ്കില്‍ സുരേന്ദ്രന് അഭിമാനിക്കാമെന്നും അതേസമയം സി പി എം സ്ഥാനാര്‍ത്ഥി ആണ് ജയിക്കുന്നതെങ്കില്‍ സുരേന്ദ്രന് എന്തിനാണ് സന്തോഷിക്കുന്നതെന്നും ബല്‍റാം ചോദിക്കുന്നു.

കൂടാതെ, വി ടി ബൽറാമിനെ എന്ത്‌ വിധേനെയും തോൽപ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടി സി പി എം സ്ഥാനാർത്ഥിക്ക്‌ ശ്രീ സുരേന്ദ്രന്റെ പാർട്ടി വോട്ട്‌ മറിച്ചു കൊടുക്കുകയാണെങ്കില്‍ അത്തരമൊരു ബാന്ധവം രഹസ്യമായിരിക്കുമോ പരസ്യമായിരിക്കുമോ എന്നും ബല്‍റാം സുരേന്ദ്രനോടു ചോദിക്കുന്നു.

സുരേന്ദ്രന് ബല്‍റാം നല്കിയ മറുപടി ഇങ്ങനെ:

>>>ഈ അഹന്തക്കും പരിഹാസത്തിനും അടുത്ത തെരഞ്ഞെടുപ്പിൽ തൃത്താലക്കാർ തന്നെ മറുപടി തന്നുകൊള്ളും<<<

എന്നെ തൃത്താലയിലെ പ്രധാനമന്ത്രിസ്ഥാനത്ത്‌ അവരോധിച്ച ശ്രീ കെ സുരേന്ദ്രന്റെ പോസ്റ്റിലെ അവസാന വാചകമാണിത്‌. അതിലെ കമന്റുകളിൽ ആർ എസ്‌ എസുകാരും ഇതേ മുന്നറിയിപ്പ്‌ നൽകിക്കാണുന്നു. അഹന്തയാണോ ആർജവമാണോ പരിഹാസമാണോ സർക്കാസമാണോ എന്നതവിടെ നിൽക്കട്ടെ. എന്താണദ്ദേഹം പറഞ്ഞുവരുന്നത്‌ എന്ന് കൃത്യമായി മനസ്സിലാവുന്നില്ല. ഏതായാലും അടുത്ത തെരഞ്ഞെടുപ്പിൽ എന്റെ പാർട്ടി അനുവദിച്ച്‌ യു ഡി എഫ്‌ സ്ഥാനാർത്ഥിയായി ഞാൻ തൃത്താലയിൽ വീണ്ടും മത്സരിക്കുകയാണെങ്കിൽ എന്നെ തോൽപ്പിക്കുമെന്നായിരിക്കും അദ്ദേഹം പറയാനുദ്ദേശിച്ചത്‌ എന്ന് ഊഹിക്കുന്നു. വ്യക്തത വരുത്തേണ്ടത്‌ അദ്ദേഹം തന്നെയാണു.

നാലു സാധ്യതകളാണു ഉള്ളത്‌:

സിനാറിയോ ഒന്ന്) ബി ജെ പി സ്ഥാനാർത്ഥി തൃത്താലയിൽ ജയിക്കുന്നു, വി.ടി.ബൽറാം തോൽക്കുന്നു. അങ്ങനെയുണ്ടാവുകയാണെങ്കിൽ തീർച്ചയായും സുരേന്ദ്രനു അഭിമാനിക്കാം. അങ്ങനെയാണെങ്കിൽ എന്റെ വിനീതമായ ചോദ്യം തൃത്താലയിൽ നിന്ന് ജയിച്ച്‌ കേരള നിയമസഭയിൽ അക്കൗണ്ട്‌ തുറക്കാനുള്ള ആ അവസരം ശ്രീ. സുരേന്ദ്രനു തന്നെ ഏറ്റെടുത്തുകൂടേ എന്നാണു. തയ്യാറുണ്ടോ ശ്രീ. സുരേന്ദ്രൻ?

സിനാറിയോ രണ്ട്‌) സി പി എം സ്ഥാനാർത്ഥി തൃത്താലയിൽ ജയിക്കുന്നു, വി.ടി.ബൽറാം തോൽക്കുന്നു. അങ്ങനെയുണ്ടാവുകയാണെങ്കിൽ അതിൽ ശ്രീ. സുരേന്ദ്രനു ഇത്ര അഭിമാനിക്കാനെന്തിരിക്കുന്നു! സുരേന്ദ്രന്റെ കഴിവുകൊണ്ടല്ലല്ലോ കേരളത്തിൽ പലയിടത്തും കഴിഞ്ഞ ഇലക്ഷൻ വരെ തൃത്താലയിലും സി പി എം ജയിക്കാറുണ്ടായിരുന്നത്‌. മറുപടി സുരേന്ദ്രനോ സി പി എമ്മുകാർക്കൊ ആർക്ക്‌ വേണമെങ്കിലും പറയാം.

സിനാറിയോ മൂന്ന്) വി.ടി. ബൽറാമിനെ എന്ത്‌ വിധേനെയും തോൽപ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടി സി പി എം സ്ഥാനാർത്ഥിക്ക്‌ ശ്രീ. സുരേന്ദ്രന്റെ പാർട്ടി വോട്ട്‌ മറിച്ചുകൊടുക്കുന്നു, വി.ടി.ബൽറാം തോൽക്കുന്നു. അങ്ങനെയാണെങ്കിൽ അത്തരമൊരു ബാന്ധവം രഹസ്യമായിരിക്കുമോ പരസ്യമായിരിക്കുമോ? ശ്രീ. സുരേന്ദ്രനു വ്യക്തത വരുത്താൻ കഴിയുമോ? തുറന്ന് പറയാനുള്ള ആർജ്ജവമുണ്ടോ?

സിനാറിയോ നാലു) ഇത്തരം രഹസ്യവും പരസ്യവുമായ എല്ലാ കുതന്ത്രങ്ങളേയും തള്ളിക്കളഞ്ഞ്‌ തൃത്താലയിലെ ജനങ്ങൾ വികസനത്തിനും മതേതര ജനാധിപത്യത്തിനും ജനപക്ഷ രാഷ്ട്രീയത്തിനും അനുകൂലമായി വോട്ട്‌ ചെയ്ത്‌ തങ്ങളുടെ നാടിന്റെ പ്രബുദ്ധതയും നന്മയും ഉയർത്തിപ്പിടിക്കുന്നു.
ഇതിൽ ഏത്‌ സാഹചര്യമായാലും അതിനെ ഭയന്ന് ശരിയെന്ന് തോന്നുന്ന നിലപാടുകളിൽ നിന്ന് പുറകോട്ടുപോകുന്നവരല്ല ഞങ്ങളൊന്നും എന്ന് ദയവായി മനസ്സിലാക്കണം.

എന്റെ നാട്ടിലെ ജനങ്ങൾക്ക്‌ ആവശ്യമായിരിക്കുന്ന സമയത്തോളം മാത്രമേ എനിക്കവരുടെ പ്രതിനിധി ആയിരിക്കാൻ കഴിയൂ. അടിസ്ഥാന നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്ത്‌ എല്ലാക്കാലത്തും എം എൽ എ ആയിരിക്കണമെന്ന് ആഗ്രഹവുമില്ല, അങ്ങനെ ആർക്കും വാക്ക്‌ കൊടുത്തിട്ടുമില്ല. അതുകൊണ്ട്‌ ഇത്തരം ഭീഷണികൾ ഇവിടെ വിലപ്പോവില്ല എന്ന് വിനീതമായി ഓർമ്മപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :