നികുതി അടയ്ക്കാത്ത സർക്കാർ വാഹനം പിടികൂടി പിഴ ഈടാക്കി
എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 4 ഫെബ്രുവരി 2022 (19:46 IST)
ഇടുക്കി: നികുതി അടയ്ക്കാതെ നിരത്തിൽ തകർത്തോടിയിരുന്ന സർക്കാർ വാഹനം മോട്ടോർ വാഹന വകുപ്പ്
ഉദ്യോഗസ്ഥർ പിടികൂടി പിഴ ഈടാക്കി. ദേവികുളത്തെ സപ്ലൈകോ വാഹനത്തിനാണ് മോട്ടോർ വാഹന വകുപ്പ് പതിനേഴായിരത്തി അഞ്ഞൂറ് രൂപ പിഴ ഈടാക്കിയത്. ഭാരത് ബെൻസ് നിർമ്മിതമായ കെ.എൽ.68-1107 നമ്പർ മിനി ലോറിയാണ് പിടിയിലായത്.
കഴിഞ്ഞ 2021 മാർച്ച വരെ മാത്രമായിരുന്നു ദേവികുളം താലൂക്കിൽ സർവീസ് നടത്തുന്ന ഈ വാഹനത്തിന്റെ നിരത്തു നികുതിയുടെ കാലാവധി. എന്നാൽ പിന്നീട് നികുതി അടച്ചില്ല. കഴിഞ്ഞ ദിവസം മൂന്നാർ ജനറൽ ആശുപത്രിയിലെ കവലയിൽ വാഹനം നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് നികുതി അടയ്ക്കാതെ വാഹനം ഓടുന്നത് കണ്ടെത്തിയത്.
ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ വലിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. ഇതോടെയാണ് അധികൃതർ വാഹനത്തിനു ഇത്രയധികം രൂപ പിഴ ഇട്ടതും ഈടാക്കിയതും. ഏതായാലും വാർത്ത പരന്നതോടെ സപ്ലൈക്കോ അധികാരികൾ ഉത്തരം മുട്ടിയിരിക്കുകയാണ്.