പോൾ മുത്തൂറ്റ് വധം: എട്ട് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി - ജീവപര്യന്തം റദ്ദാക്കി

  paul muthoot , highcourt , police , പോൾ എം ജോർജ് , മുത്തൂറ്റ് , പൊലീസ് , കൊലപാതകക്കേസ്
കൊച്ചി| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (13:48 IST)
യുവവ്യവസായി പോൾ എം ജോർജ് കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കേസിലെ ഒന്നാം പ്രതിയടക്കം എട്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് കോടതി ഉത്തരവിട്ടത്.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയില്ല. സിബിഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.

പ്രതികള്‍ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതികൾക്ക് മറ്റു വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ അനുഭവിച്ചാൽ മതി. മറ്റു വകുപ്പുകളിലുള്ള ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടുള്ളതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്.

2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ബൈക്കപകടം കണ്ട് അപകടമുണ്ടാക്കിയ പോള്‍ എം.ജോര്‍ജിന്റെ ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ പിന്തുടര്‍ന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :