Last Updated:
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (16:19 IST)
കേരള പോലീസ് അവതരിപ്പിക്കുന്ന സൈബർ സുരക്ഷ അവബോധപ്രചരണ പദ്ധതിയായ " പ്രൊഫെസ്സർ പോയിന്റർ-ദി ആൻസർ ടു സൈബർ ഇഷ്യൂസ് " നു തുടക്കമാകുന്നു. കുട്ടികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കുവാനുള്ള പദ്ധതി കുട്ടികളിലൂടെ മുതിർന്നവരിലേക്കും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
റോഡ് സുരക്ഷാ അവബോധ പ്രചാരണ രംഗത്ത് ഏറെ പ്രശസ്തിയും അന്താരാഷ്ട്ര മീഡിയ സേഫ്റ്റി അവാർഡും കരസ്ഥമാക്കിയ പപ്പു സീബ്ര റോഡ് സെൻസ് പദ്ധതിക്ക് ശേഷം രൂപപ്പെടുത്തുന്ന ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത് ഒരേസമയം കുട്ടികളേയും മുതിർന്നവരേയുമാണ്.
അനിമേഷൻ ചിത്രങ്ങളിലൂടെയും ചിത്രകഥകളിലൂടെയും സ്റ്റിക്കർ പോസ്റ്റർ തുടങ്ങിയവയിലൂടെയുമാണ് ബോധവത്കരണം നടത്തുക. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പ്രൊഫസർ പോയിന്ററിനെ അവതരിപ്പിക്കും.
അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് കേരളാ പോലീസിന്റെയും നടൻ മമ്മൂട്ടിയുടേയും ഫേസ്ബുക് പേജിലൂടെ പ്രൊഫസർ പോയിന്ററിന്റെ അനിമേഷൻ ചിത്രം പുറത്തിറങ്ങും.
ആർട്ടിസ്റ്റ് നന്ദൻ പിള്ളൈ ആണ് പ്രൊഫസർ പോയിന്ററിന്റെ സൃഷ്ടാവ്. കംപ്യൂട്ടറിലെ കഴ്സറും മൗസും ചേർന്ന കഥാപാത്രത്തിന് പേരിട്ടത് കേരള പോലീസിന്റെ സൈബർ മേധാവി കൂടിയായ എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസ്സ് ആണ്.