കോയമ്പത്തൂരില്‍ പോയിട്ടില്ല, സിഡി യാത്ര ട്രാഫിക് സിനിമയുടെ രണ്ടാം ഭാഗം: സരിത

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ബിജു രാധാകൃഷ്ണന്‍ , കോയമ്പത്തൂര്‍ , സരിതാ എസ് നായര്‍
കൊച്ചി| jibin| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2015 (16:01 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവർക്കെതിരെ ലൈംഗികാരോപണം ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചതിനെയും
തെളിവായി ഉണ്ടെന്ന് പറയപ്പെടുന്ന സിഡിക്കായുള്ള കോയമ്പത്തൂരിലേക്ക് നടത്തിയ യാത്രയേയും പരിഹസിച്ച് വിവാദ നായിക സരിതാ എസ് നായര്‍. സിഡി തേടിയുള്ള യാത്ര ട്രാഫിക് സിനിമയുടെ രണ്ടാം ഭാഗം പോലെയായിരുന്നു. താന്‍ കോയമ്പത്തൂരില്‍ പോയിട്ടില്ല. ഇല്ലാത്ത സിഡി ബിജു എങ്ങനെ ഉണ്ടാക്കുമെന്ന് തനിക്കറിയില്ലെന്നും സരിത പറഞ്ഞു.

തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തു കൊണ്ടുവരേണ്ട ബാധ്യത ബിജുവിനുണ്ട്. ബിജു തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ അപ്പോള്‍ കാണാം. എല്ലാം ഒരു സിനിമ പോലെയാണ് തോന്നുന്നത്. കോയമ്പത്തൂരില്‍ ഉണ്ടായിരുന്നുവെന്ന് പറയുന്ന ദിവസങ്ങളില്‍ തിരുവനന്തപുരത്തും എറണാകുളത്തുമായി ഉണ്ടായിരുന്നുവെന്നും സരിത പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ താൻ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിജു രാധാകൃഷ്ണൻ ഇന്ന് വ്യക്തമാക്കി. സിഡി കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ ഹാജരാക്കും. തെളിവായ സിഡി വച്ചിരുന്ന സ്ഥലത്ത് തന്നെയാണ് താൻ പോയത്. സിഡി അവിടെ നിന്ന് മാറ്റിയതാകാം. ആരാണ് ഇതിനു പിന്നിലെന്ന് ഊഹിക്കാവുന്നതാണ്. തന്നെക്കാൾ അധികാരമുള്ള ആളുകൾ ഉണ്ടല്ലോയെന്നും ബിജു പറഞ്ഞു. കൊച്ചിയിലെ സോളർ കമ്മിഷൻ ഓഫിസിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ബിജു ഇക്കാര്യങ്ങൾ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :