ക്ഷേത്രമുറ്റത്ത് വച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം| VISHNU N L| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (19:20 IST)
കൊല്ലത്ത് ക്ഷേത്രമുറ്റത്ത് വച്ച് അക്രമി സംഘം യുവാവിനെ പരസ്യമായി വെട്ടിക്കൊലപ്പെടുത്തി. തിരുമുല്ലവാരം കുന്നിന്മേല്‍ കാരിക്കാത്തറ ബാബുവിന്റെ മകന്‍ സുമേഷാണ് (34) കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്ഷേത്രമുറ്റത്ത് വച്ച് സുമേഷിനെ ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികളെ കണ്ട് ഭയന്ന് സുമേഷ് ശ്രീകോവിലിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല.

വടിവാളുപയോഗിച്ച് രണ്ടു തവണ സുമേഷിനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ സുമേഷിനെ ഉടനെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

സുമേഷിനെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ക്ഷേത്രത്തില്‍ നിന്നും അക്രമികള്‍ രക്ഷപ്പെട്ടു. എന്നാല്‍ അക്രമികളെ പിന്തുടര്‍ന്ന നാട്ടുകാര്‍ അക്രമികളിലൊരാളായ ചെമ്പന്‍ എന്ന ശ്രീക്കുട്ടനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

സുമേഷിന്റെ വീട്ടിലാണ് അക്രമികള്‍ ആദ്യം എത്തിയത്. വടിവാള്‍ മുഴക്കി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഘം തുടര്‍ന്ന് സുമേഷിനെ തിരഞ്ഞ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

കൊല്ലം വെസ്റ്റ് സി.ഐ. ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ മറ്റുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്ന് പറയുന്നു. ആര്‍ഷ സൗണ്ട് എന്ന സ്ഥാപനം നടത്തിയിരുന്ന സുമേഷിന് ഒരു സഹോദരനും സഹോദരിയും ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :