കാഞ്ഞങ്ങാട്|
Last Modified തിങ്കള്‍, 16 നവംബര്‍ 2015 (16:43 IST)
വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കി. തോയമ്മല്‍ പുതുവൈ മധു എന്ന 34 കാരനാണു കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നിന്ന് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന തോയമ്മല്‍ നന്ദലന്‍ ഹൌസിലെ
ജാനകിയമ്മ എന്ന 65 കാരി കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്, സാഹചര്യ തെളിവുകള്‍ എന്നിവയില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
ജാനകിയമ്മയുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ ജാനകിയമ്മയെ തള്ളിയിട്ട് അടിക്കുകയും തുടര്‍ന്ന് ചുരിദാറിന്‍റെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി വധിക്കുകയുമായിരുന്നു. പിന്നീട് അലമാരിയിലെ ബാഗിലിരുന്ന എട്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും 1200 രൂപയുമായി പ്രതി കാഞ്ഞങ്ങാട്ടേക്ക് പോയി.
അതിലെ മാലയും വളയും കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച ശേഷം പ്രതി പറശിനിക്കടവു വഴി ധര്‍മ്മസ്ഥലയിലേക്ക് പോവുകയായിരുന്നു, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രന്‍ നായക്കിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.