പരവൂര്‍ വെടിക്കെട്ട് അപകടകാരണം മത്സരക്കമ്പം തന്നെയെന്ന് റിപ്പോര്‍ട്ട്

പ്രദേശത്തെ രണ്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തെ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട്

കൊല്ലം, വെടിക്കെട്ട്, അപകടം, മരണം, പരവൂര്‍ kollam, paravur, accident, death
കൊല്ലം| സജിത്ത്| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (14:48 IST)
പ്രദേശത്തെ രണ്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തെ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട്. മത്സരക്കമ്പമേറെയുള്ള ഈ ക്ഷേത്രത്തിലെ വെടിക്കെട്ട് ജില്ലാ അധികൃതര്‍ നേരത്തേ തടഞ്ഞിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ ഈ രീതി ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതര്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇരുപതിനായിരത്തോളം പേരാണ് ഉത്സവത്തിനുണ്ടായിരുന്നത്. രാത്രി പത്തുമണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്.

വര്‍ക്കല കൃഷ്ണന്‍ കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. ഇവര്‍ തമ്മിലുള്ള മത്സരമാണ് വെടിക്കെട്ടെന്ന് കാണിച്ച് ക്ഷേത്ര കമ്മിറ്റി നോട്ടീസ് വിതരണം ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈരണ്ട് കരാറുകാരില്‍ കഴക്കൂട്ടം സുരേന്ദ്രന് അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വര്‍ക്കല കൃഷ്ണന്‍കുട്ടിക്ക് നിയന്ത്രിത അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സുരേന്ദ്രന്‍ തനിക്ക് അനുമതി ലഭിച്ചുവെന്ന് കാണിച്ച് വെടിക്കെട്ടില്‍ പങ്കു ചേരുകയായിരുന്നുവെന്ന നാട്ടുകാര്‍ ആരോപിച്ചു. ഇയാളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കുമ്പോഴാണ് അപകടമുണ്ടായത്.

കഴക്കൂട്ടം സുരേന്ദ്രന്റെ വെടിക്കെട്ട് സാമഗ്രികള്‍ ഓട്ടോയില്‍ എത്തിച്ച് കമ്പപ്പുരയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം നടന്നത്. കമ്പപ്പുരക്ക് തീപിടിച്ചതോടെ ആളുകള്‍ ചിതറിയോടിയത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സംഭവം നടന്നത് പുലര്‍ച്ചെയായതിനാലും സ്ഥലത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി. കൂടുതല്‍ പൊലീസും ഫയര്‍ഫോഴ്‌സും സന്നദ്ദ പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെയാണ് ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചത്.

ഇന്ന് രാവിലെ തന്നെ രണ്ട് കരാറുകാരുടേയും വീടുകളിലും മറ്റും പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി വെടിക്കെട്ട് സാമഗ്രികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഡയനാമിറ്റ് അടക്കമുള്ള ആഘാതശേഷി കൂടുതലുള്ള വസ്തുക്കളും ഇവിടെ ഉപയോഗിച്ചതായി പറയപ്പെടുന്നുണ്ട്. വെടിക്കെട്ട് മത്സരത്തിന് അനുമതിയില്ലാത്ത സാഹചര്യത്തിൽ പരസ്യമായി നോട്ടീസടിച്ച് മത്സരം നടത്തിയത് എങ്ങിനെയാണെന്നത് അന്വേഷിച്ചുവരുകയാണ്. ഈ രണ്ട് കരാറുകാര്‍ക്കെതിരേയും ക്ഷേത്ര കമ്മിറ്റിക്കെതിരേയും മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :