യൂണിവേഴ്സിറ്റി ഇന്റര്‍വ്യൂകളില്‍ മാര്‍ക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മിഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (11:09 IST)
ഇന്റര്‍വ്യൂ ബോഡുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്കുന്നതിലെ നടപടികള്‍ സ്വയം വിശദീകൃതവും സുതാര്യവുമായിരിക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. വിവിധ വിഭാഗങ്ങളിലെ മികവുകള്‍ ചേര്‍ത്ത് മാര്‍ക്ക് നല്കുമ്പോള്‍ ഓരോ വിഭാഗത്തിനും എത്ര മാര്‍ക്കാണ് തനിക്ക് ലഭിച്ചത് എന്നറിയാന്‍ ഉദ്യോഗാര്‍ത്ഥിക്ക് അവകാശമുണ്ട്. സ്‌കോര്‍ഷീറ്റ് തയാറാക്കുമ്പോള്‍ മാര്‍ക്കിന്റെ വിശദാംശം തരം തിരിച്ച് രേഖപ്പെടുത്തണം. ഇത് ആവശ്യാനുസരണം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കുകയും വേണം. അത് ഭാവിയില്‍ അവര്‍ക്ക് നില മെച്ചപ്പെടുത്താനും ഉപകരിക്കുമെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍,അസോസിയേറ്റ് പ്രൊഫസര്‍ നിയമനങ്ങളില്‍ സ്‌ക്രീനിംഗ് കമ്മറ്റിയും ഇന്റര്‍വ്യൂ ബോഡും തനിക്ക് നല്കിയ മാര്‍ക്കിന്റെ വിശദാംശം തേടിയ പത്തനംതിട്ടയിലെ ഡോ. ശ്രീവൃന്ദ നായരുടെ പരാതി തീര്‍പ്പാക്കിയ കമ്മിഷണര്‍ എ.എ. ഹക്കിമാണ് ഇന്റര്‍വ്യൂ ബോഡിന്റെ നടപടിയില്‍ സുതാര്യതയില്ലെന്ന് കണ്ട് നിര്‍ദ്ദേശം ഉത്തരവായി പുറപ്പെടുവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :