കണ്ണൂര്‍|
vishnu|
Last Updated:
വെള്ളി, 2 ജനുവരി 2015 (14:45 IST)
നെടുംപോയില്‍ ക്വാറി ആക്രമിച്ച മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയെ ജീവനക്കാരന്‍ തിരിച്ചറിഞ്ഞു. മാവോയിസ്റ്റുകള്‍ ബന്ധിയാക്കിയ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഗോപിനാഥനാണ് തന്നോട് സംസാരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ വിജയ ഭായി ആണെന്ന് സൂചന. മാവോയിസ്റ്റുകള്‍ ഉപയോഗിച്ച തോക്കുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ ആക്രമണം നടത്തിയത് മാവോയിസ്റ്റുകളാണെന്ന് ഉറപ്പായി.
അതിനിടെ ആക്രമണം നടത്തിയത്
മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പടെ ആറംഗ സംഘമാണെന്ന് പൊലീസിന്
മൊഴി ലഭിച്ചിടുണ്ട്.
ആക്രമണത്തിന് ശേഷം സംഘം മൂന്നുകിലോമീറ്റര്‍ ദൂരെയുള്ള ചേക്കേരിയിലെ കോളനിയിലെത്തി തന്നെ കണ്ടുവെന്ന് കോളനി നിവാസിയായ എം.ബിന്ദു പറഞ്ഞു.
രൂപേഷും രണ്ടുസ്ത്രീകളുമടങ്ങിയ നാലംഗ സംഘമാണ് തന്നെ കണ്ടത്. അരിയും മറ്റ് ആഹാരസാധനങ്ങളും വാങ്ങിയ ശേഷം അവര്‍ കാട്ടിലേക്ക് മടങ്ങി. തനിക്ക് രൂപേഷിനെ പരിചയമുണ്ട്. ഈ കോളനിയിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം - ബിന്ദു പറയുന്നു.
ഡിസംബര്‍ 27ന് രാത്രി 9.30 ന് രൂപേഷ് കോളനിയിലെത്തി തന്നെ കണ്ടിരുന്നുവെന്ന് കോളനി നിവാസി കേളപ്പന്‍ എന്ന ഭാര്‍ഗവനും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നെടുംപൊയില്‍ - മാനന്തവാടി റോഡിലെ ചെക്യേരി കോളനിക്കു സമീപം പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് സ്റ്റോണ്‍ ക്രഷറിനു നേരെയാണ് ആക്രമണം ഉണ്ടായത്. അഞ്ച് മിനിറ്റ് കൊണ്ട് എല്ലാം അടിച്ചു തകര്‍ത്ത ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. സംഘം പോകുന്നതിനു മുന്‍പ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരിലുള്ള പത്തോളം പോസ്റ്ററുകള്‍ ഓഫിസിലും മതിലിലും പതിച്ചു.
നേരത്തെ ഒരു വര്‍ഷം മുന്‍പ് ഏഴംഗ മാവോയിസ്റ്റ് സംഘം ചെക്യേരി കോളനിയില്‍ എത്തിയിരുന്നു. അന്ന് ലഘുലേഖ വിതരണം ചെയ്യുകയും ന്യൂഭാരത് ക്രഷറില്‍ നിന്ന് ആദിവാസികള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.