21ആമത് ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു; പ്രൗഢഗംഭീരമായ തുടക്കം

പാലായനത്തിന്റെ കഥ പറഞ്ഞ് 21ആമത് ചലച്ചിത്രോത്സവത്തിന് തുടക്കമായി

aparna shaji| Last Modified ശനി, 10 ഡിസം‌ബര്‍ 2016 (08:13 IST)
ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. പലായനത്തിന്റേയും വേര്‍പിരിയലിന്റെയും കദനങ്ങളുമായിട്ടാണ് മേളക്ക് പ്രൗഢഗംഭീര തുടക്കമുണ്ടായത്. നിശാഗന്ധിയിലെ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രമേളക്ക് ഒദ്യോഗികമായ തുടക്കം കുറിച്ചു. സാംസ്കാരികമായി കണ്ണുതുറപ്പിക്കുന്ന സിനിമകള്‍ ലോകരാജ്യങ്ങളിലേക്കുള്ള വാതായനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയുള്ള എട്ടു ദിനം ലോകം കേരളത്തിലേക്കാണ് ഉറ്റു നോക്കുക.

മേള ഇന്ത്യയുടെ മാത്രം അഭിമാനമല്ല, ലോകത്തിന്റെ മുഴുവൻ അഭിമാനമാണെന്ന് മുഖ്യാതിഥികൾ വ്യക്തമാക്കി. ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ച 12 ചിത്രങ്ങളും ലോകസിനിമ വിഭാഗത്തിലേതായിരുന്നു. പ്രതിദിനം പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയത്തിനൊപ്പം ലോകസമൂഹത്തെയും പറ്റിയുള്ള ആഴമുള്ള അടയാളപ്പെടുത്തലുകളും ചില ഫ്രെയിമുകളിലുണ്ട്. ക്യൂബ, മെക്സികോ, ഇറ്റലി, സൗത്ത് കൊറിയ, ജര്‍മനി, കാനഡ, ഇറാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വേദിയില്‍ താളദൃശ്യകലാസമന്വയവും അരങ്ങേറി. ഇരുപത്തിയൊന്ന് മിഴാവുകള്‍ക്കൊപ്പം ഇടയ്ക്കയും ഇലത്താളവും ചേര്‍ന്നൊരുക്കിയ താളവൈവിധ്യങ്ങള്‍ക്ക് അനുസരിച്ച് നൂപുര നൃത്തവിദ്യാലയത്തിലെ അറുപത് കലാകാരികള്‍ ചേര്‍ന്നവതരിപ്പിച്ച മോഹിനിയാട്ടവും അരങ്ങേറി. ഒപ്പം കേരളത്തിന്റെ ദൃശ്യസംസ്‌കൃതി പ്രമേയമാക്കിയ തോല്‍പ്പാവക്കൂത്തും വേദിയിലെ സ്‌ക്രീനില്‍ തെളിഞ്ഞു.

ദിവസങ്ങള്‍ക്കുമുമ്പ് ലോകത്തെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ ഫിദല്‍ കാസ്ട്രോയുടെ നാടിന്റെ മറുവശത്തെ അടയാളപ്പെടുത്തുകയാണ് കാര്‍ലോസ് ലെച്ചൂഗ സംവിധാനം ചെയ്ത സാന്‍ഡ്ര ആന്‍ഡ് ആന്‍ഡ്രസ് എന്ന ചിത്രം. മെക്സിക്കോയിലെ ഒരു അമ്മയുടെയും മകളുടെയും ജീവിതമാണ് ‘ദ അറൈവല്‍ ഓഫ് കൊറാണ്ടോ സിയോറാ’ പറയുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള ‘അലോയിസാ’ണ് പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രങ്ങളിലൊന്ന്.
സംവിധായകന്‍ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായിരുന്നു. സമഗ്ര സംഭാവനക്കുള്ള അഞ്ചുലക്ഷം രൂപയുടെ പുരസ്കാരം ചെക്-സ്ലോവാക്യന്‍ സംവിധായകന്‍ ജെറി മെന്‍സിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :