മകനുമായുള്ള ബന്ധം വേർപ്പെടുത്താൻ മരുമകൾക്കെതിരെ വ്യാജ പരാതി, ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്; 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഭർതൃപിതാവിനോട് കോടതി

Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (13:30 IST)
മകനുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ ഭർതൃപിതാവ് കണ്ടെത്തിയത് മരുമകൾക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുക എന്ന കുറുക്കുവഴി. മരുമകൾക്കെതിരെ വ്യാജപരാതി ഉന്നയിച്ച ഭർതൃപിതാവിനെതിരെ നടപടിയെടുത്ത് പൊലീസ്.

യുവതിക്ക് ഇരുപതുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബകോടതി ഉത്തരവിട്ടു. പെരുമ്പിലാവ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കുടുംബകോടതി ജഡ്‌ജി സി കെ ബൈജുവിന്റെ ഉത്തരവ്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ യുവതിയോടുള്ള ഭർതൃപിതാവിന്റെ മോശം പെരുമാറ്റം പുറത്തറിയാതിരിക്കാൻ യുവതിയെ മാനസികരോഗിയാക്കാനും ശ്രമം നടന്നു.

യുവതിയെ പിതാവ് ചെറുപ്പത്തിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഭർതൃപിതാവ് കുന്നംകുളം ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയിരുന്നു. മകനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുക എന്നതായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഒടുവിൽ ഡിവോഴ്സിനു യുവതി സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത്, വിദേശത്തായിരുന്ന ഭർത്താവ് യുവതിയെ മുത്തലാഖ്‌ ചൊല്ലിയെങ്കിലും യുവതിയുടെ ആഭരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ തിരികെ നൽകിയിരുന്നില്ല. എന്നാൽ, ഇത് നൽകിയതായി വ്യാജരേഖ ഉണ്ടാക്കി. തുടർന്നാണ് യുവതി കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തത്.

വിചാരണയ്ക്കിടയിൽ ഭർതൃപിതാവിനെതിരെ അന്വേഷണത്തിനു ഉത്തരവിട്ടതോടെയാണ് കളി മാറിയത്. ഇതോടെ വാദി പ്രതിയാവുകയായിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബകോടതി ഉത്തരവിട്ടത്. ഇതോടൊപ്പം യുവതിയുടെ ആഭരണങ്ങളും മറ്റും തിരികെ നൽകാനും ഉത്തരവിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :