തിരുവനന്തപുരം|
Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (19:44 IST)
പിഎസ്‍സി പരീക്ഷാ റാങ്ക് പട്ടികയിൽ ഇടം നേടിയ പ്രതികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച്. പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവര്‍ക്ക് ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി ചോദിച്ചത്.
കോടതി നിര്‍ദേശപ്രകാരം പരീക്ഷാ തീയതി തീരുമാനിക്കും. ഇരുവരുടെയും ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനാണു മാതൃകാ പരീക്ഷ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
നേരത്തേ ജയിലിലെത്തി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചോദ്യ പേപ്പറില്‍നിന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഇരുവര്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ജയിലില്‍ ഇവരെ സന്ദര്‍ശിച്ചവരെക്കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചു.
പൊലീസ് കോണ്‍സ്റ്റബിൾ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21മത് റാങ്കുമായിരുന്നു ലഭിച്ചത്. യൂണിവേഴ്സിറ്റി കോളജിൽ 1,200 പേരെയാണ് പരീക്ഷയെഴുതാൻ പിഎസ്‌സി അനുവദിച്ചത്.