കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചു, മൂന്നാം ഡോസായി കോവിഷീല്‍ഡ് നല്‍കണമെന്ന് ഗിരികുമാര്‍; പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

രേണുക വേണു| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (11:48 IST)

കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് സ്വീകരിച്ചയാള്‍ക്ക് മൂന്നാം ഡോസ് നല്‍കാന്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം അനുവദിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സൗദിയില്‍ നിന്ന് കേരളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ഗിരികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് സൗദിയിലേക്ക് തിരിച്ചുപോകണമെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കണമെന്ന് ഗിരികുമാര്‍ ആവശ്യപ്പെട്ടു. ഇയാള്‍ നേരത്തെ രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, കോവാക്‌സിന് സൗദിയില്‍ അനുമതിയില്ല. അതുകൊണ്ടാണ് മൂന്നാം ഡോസായി കോവിഷീല്‍ഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് മൂന്നാം ഡോസ് നല്‍കാനാവില്ലെന്നും അങ്ങനെയൊരു കാര്യം മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :