അപകടത്തിൽ പെട്ട കാറിൽ നിന്ന് തിമിംഗലഛർദ്ദി പിടിച്ചു
എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 17 നവംബര്‍ 2022 (19:07 IST)
ആറ്റിങ്ങൽ: അപകടത്തിൽ പെട്ട കാറിൽ ഉണ്ടായിരുന്ന ലക്ഷങ്ങൾ വിലയുള്ള തിമിംഗല ഛർദ്ദി അധികൃതർ പിടിച്ചെടുത്തു. കൊല്ലം ആശ്രാമം വയലിൽ പുത്തൻവീട്ടിൽ ദീപു, ദീപക് എന്നീ ഇരട്ട സഹോദരങ്ങളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ കല്ലമ്പലത്തു വച്ച് പ്രതികൾ അടങ്ങിയ സംഘത്തിന്റെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു അപകടമാണ്. വിവരം അറിഞ്ഞു പോലീസ് സ്ഥലത്തെത്തി എന്നാൽ ഇതിൽ ഭയന്ന പ്രതികൾ വാഹനത്തിൽ നിന്ന് മൂന്നു പൊതികൾ പുറത്തേക്കെറിഞ്ഞു. ഇതിനൊപ്പം ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിൽ കയറി രക്ഷപെടുകയും ചെയ്തു.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് സംഘം ഇരട്ട സഹോദരങ്ങളെ പിടികൂടുകയും ഇവർ പുറത്തേക്കെറിഞ്ഞ പൊതികൾ പരിശോധിക്കുകയും ചെയ്തു. ആംബർഗ്രീസ് എന്ന തിമിംഗല ഛർദ്ദിയാണ് ഇവർ പുറത്തേക്കെറിഞ്ഞതെന്നു പോലീസ് കണ്ടെത്തുകയും വിവരം പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തു നിന്നാണ് ഇത് കൊണ്ടുവന്നതെന്നും കഴക്കൂട്ടത്തെ വില്പനയ്ക്കായാണ് ഇത്
ഉദ്ദേശിച്ചതെന്നുമാണ് ഇവർ നൽകിയ മൊഴിയിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.