എജി വിവാദം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 24 ജൂലൈ 2015 (12:22 IST)
അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ ഓഫീസിന് എതിരെ ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. ഭരണഘടന പദവിയല്ലാതെ എ ജിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമെന്താണെന്ന് പ്രതിപക്ഷം ചോദിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി തോമസ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി.

മുല്ലപ്പെരിയാര്‍ വിഷയത്തിലടക്കം കേരളത്തന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണ് എ ജി സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാരിനു വിശ്വാസമാണെന്നും പ്രധാനപ്പെട്ട കേസുകളില്‍ എ ജി ഹാജരാകുകയും വിജയിക്കുകയും ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതിയില്‍ കേരള സര്‍ക്കാരിനെതിരെ അറ്റോര്‍ണി ജനറല്‍ ഹാജരായ സംഭവത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഹൈക്കോടതി പരാമര്‍ശത്തോടു യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :