കാസര്‍കോട് - പാലക്കാട് ജില്ലകളില്‍ നിന്നുള്ള 16 അംഗ മലയാളിസംഘം ഐ എസ് ക്യാമ്പിലെത്തിയതായി സൂചന

കേരളത്തില്‍നിന്ന് പതിനാറു പേര്‍ ഐ എസ് ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു

kasarkode, palakkad, IS, pinarayi vijayan കാസര്‍കോട്, പാലക്കാട്, ഐ എസ്, പിണറായി വിജയന്‍
കാസര്‍കോട്| സജിത്ത്| Last Modified ശനി, 9 ജൂലൈ 2016 (07:23 IST)
കേരളത്തില്‍നിന്ന് പതിനാറു പേര്‍ ഐ എസ് ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നും പന്ത്രണ്ടു പേരും പാലക്കാട് ജില്ലയിലെ നാലുപേരുമടങ്ങിയ സംഘം സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പിലെത്തിയതായാണ് സംശയിക്കുന്നത്.

ഇവരില്‍ അഞ്ചുപേര്‍ കുടുംബസമേതമാണ് ക്യാമ്പിലെത്തിയിട്ടുള്ളതെന്നാണ് വിവരം. ഇവരില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ച വാട്ട്‌സ് ആപ്പ് സന്ദേശത്തില്‍ നിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടെന്ന നിഗമനത്തില്‍ എത്തിയത്. തെറ്റുതിരുത്തി അവര്‍ തിരിച്ചു വന്നില്ലെങ്കില്‍ അവരുടെ മയ്യത്തു പോലും കാണേണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

തീര്‍ത്ഥാടനത്തിനെന്ന വ്യാജേനയാണ് വീട് വിട്ടിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. തൃക്കരിപ്പൂര്‍ എടച്ചാക്കൈയിലെ ഡോ ഹിജാസും കുടുംബവും ഉടുംമ്പുന്തലയിലെ എന്‍ജിനിയറായ അബ്ദുള്‍ റഷീദും കുടുംബവും തൃക്കരിപ്പൂരിലെ മര്‍ഹാന്‍, മര്‍ഷാദ്, പാലക്കാട് ജില്ലയില്‍ നിന്നും ഇസ, യനിയ ഇവരുടെ ഭാര്യമാരുമാണ് കാണാതായ സംഘത്തില്‍പ്പെടുന്നത്.

നാടുവിട്ടവരില്‍നിന്ന് വീട്ടുകാര്‍ക്ക് ലഭിച്ച ഒടുവിലത്തെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അഫ്ഗാനിസ്താന്‍ തന്നെയാണ്. കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് ഇവര്‍ കടന്നതായാണ് സംശയിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :