ക്വാലാലമ്പൂര്‍|
jibin|
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (08:16 IST)
ഇന്ത്യൻ മഹാസുദ്രത്തിൽ കഴിഞ്ഞദിവസം കണ്ടെത്തിയ വിമാനഭാഗം എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാകിന്റെ സ്ഥിരീകരിച്ചു. കാണാതായി 17 മാസങ്ങൾക്കു ശേഷം കണ്ടെത്തിയ ഭാഗം ബോയിങ് 777 വിമാനത്തിന്റേതു തന്നെയാണെന്ന് ഉറപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ നടത്തിയ പരിശോധനയിലാണ് വിമാന അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
വിമാനത്തിന്റെ ഭാഗം കഴിഞ്ഞ ദിവസമാണ് ആഫ്രിക്കൻ തീരത്ത് ഫ്രാൻസിന്റെ അധീനതയിലുള്ള റീയൂണിയൻ ദ്വീപിലെ ബീച്ചിൽ കണ്ടെടുത്തത്. രണ്ടര മീറ്ററോളം നീളമുള്ള ഭാഗമാണ് കണ്ടെത്തിയത്. ഫ്രഞ്ച് സൈന്യത്തിന്റെ കീഴിലുള്ള ബലാമയിലെ എയ്റോനോട്ടിക്കൽ ഫെസിലിറ്റി സെന്ററിലാണ് വിമാനച്ചിറകിന്റെ ഭാഗമായ ഫ്ലാപെറോൺ ഇപ്പോൾ. കഴിഞ്ഞ വർഷം വിമാനം കാണാതായ സ്ഥലം എന്ന നിഗമനത്തിൽ ഓസ്ട്രേലിയൻ സംഘം തിരച്ചിൽ നടത്തിയ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിന്നു ഏകദേശം 3700 കിലോമീറ്റർ അകലെയാണ് റീയൂണിയൻ ദ്വീപ്.
2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലമ്പൂരില്‍നിന്നു ബെയ്ജിംഗിലേക്കു 239 യാത്രക്കാരുമായി പറന്ന വിമാനം പാതിവഴിയില്‍ കാണാതായത്. വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതിനു പിന്നാലെ വിമാനത്തിലെ ട്രാന്‍സ്‌പോണ്ടര്‍ ഓഫ് ചെയ്തതായി അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.