ഗ്രീസ്: ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നു, യൂറോസോണില്‍ ഭിന്നത

ഗ്രീസ് സാമമ്പത്തിക് പ്രതിസന്ധി , ഗ്രീസ് , ഫ്രാന്‍സ് , ജര്‍മ്മനി , യൂറോസോണ്‍
ബ്രസല്‍സ്| jibin| Last Modified ബുധന്‍, 8 ജൂലൈ 2015 (09:35 IST)
ഗ്രീസില്‍ ഹിതപരിശോധനാ ഫലം പുറത്തു വന്നതോടെ ബ്രസല്‍സില്‍ ചേര്‍ന്ന് 19 അംഗ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ ഭിന്നത. ഗ്രീസിനെ യൂറോപ്യന്‍ യൂണിയനില്‍ നിലനിര്‍ക്കാന്‍ ഉദാരമായ നിലപാട് വേണമെന്നാണ് ഫ്രാന്‍സിന്റെ നിലപാട്. എന്നാല്‍ ഇളവ് പാടില്ലെന്ന് കടും പിടുത്തത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജര്‍മ്മനി. എന്നാല്‍ പ്രധാന യൂറോസോണ്‍ രാഷ്ട്രങ്ങള്‍ ഫ്രാന്‍സിനൊപ്പമാണ്. അതേസമയം ഗ്രീസില്‍ ബാങ്കുകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.

ഗ്രീസിന് യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതിയ നിര്‍ദേശം വ്യാഴാഴാചയ്ക്കകം സമര്‍പ്പിക്കാമെന്ന് യൂറോസോണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയും ഫ്രാന്‍സും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 26,700 കോടി ഡോളര്‍ വായ്പ പുനഃക്രമീകരിക്കണമെന്നും രാജത്തിന് വളരുവാന്‍ കഴിയും വിധം തിരിച്ചടവ് വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നും ഗ്രീസ് ഇന്ന് ആവശ്യപ്പെട്ടേക്കും.

ധനപ്രതിസന്ധി രൂക്ഷമായതോടെ ഗ്രീസിലെ ബാങ്കുകള്‍ ചൊവ്വാഴ്ചയും അടഞ്ഞുകിടന്നു. ബുധനാഴ്ചയും ഇവ പ്രവര്‍ത്തിക്കില്ല. അടിയന്തര വായ്പ ലഭ്യതക്കുള്ള സാധ്യത പരിമിതപ്പെടുത്തിക്കൊണ്ട് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് തിങ്കളാഴ്ച രാത്രി ഗ്രീക് ബാങ്കുകളെ സമ്മര്‍ദത്തിലാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി 8900 കോടി യൂറോ ഗ്രീക് ധനകാര്യ സംവിധാനത്തിലേക്ക് നല്‍കിക്കൊണ്ടിരുന്ന കേന്ദ്ര ബാങ്ക് ഇനി ഈ സൗകര്യത്തിന് സര്‍ക്കാര്‍ ബോണ്ടുകള്‍ പോലുള്ള ഈട് കൂടിയേ തീരുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തര സഹായം 8900 കോടിയില്‍നിന്ന് 9200 കോടി യൂറോയാക്കണമെന്ന് ഗ്രീക് കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടിരിക്കെയാണ് ഈ നടപടി. അതിനിടെ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി മരിയോ ദ്രാഗി, ഐ.എം.എഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ് എന്നിവരുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി അലക്സിസ് സിപ്രസ് മൂലധന നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ടു.

അതിനിടെ, ചര്‍ച്ചകള്‍ സുഗമമാക്കാന്‍ സ്ഥാനം ഒഴിഞ്ഞ ധനമന്ത്രി യാനിസ് വാരുഫാകിസിന് പകരം യൂക്ളിഡ് സാകാലോട്ടോസ് ധനമന്ത്രിയായി ചുമതലയേറ്റു. മുമ്പ് സിരിസ സര്‍ക്കാറിനുവേണ്ടി ചര്‍ച്ചകളില്‍ മുഖ്യ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :