ലണ്ടണില്‍ മോഡി എക്സ്പ്രസ് യാത്ര ആരംഭിച്ചു, കൌതുകത്തോടെ ബ്രിട്ടീഷുകാര്‍

ലണ്ടന്‍| VISHNU N L| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (17:29 IST)
ചെല്ലുന്ന രാജ്യങ്ങളില്‍ എല്ലാം ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന സ്വീകരണത്തിന്റെ പകിട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകമാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. ഇത്തവണ മോഡിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം എന്നാല്‍ അതിലും വ്യത്യസ്ഥമായി ആഘോഷിക്കാനാണ് ലണ്ടണിലെ ഇന്ത്യക്കാരുടെ തീരുമാനം. അതിനായി മോഡിയുടെ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ പ്രചാരണങ്ങളും ഇന്ത്യന്‍ വംശജര്‍ ആരംഭിച്ചു തുടങ്ങി.

ഇതിന്റെ ഭാഗമായി ഒരു എക്പ്രസ് ബസ് തന്നെ ഇന്ത്യക്കാര്‍ ലണ്ടണില്‍ ആരംഭിച്ചിരിക്കുകയാണ്. മോഡി എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ബസ് യാത്ര ആരംഭിച്ചു കഴിഞ്ഞു. ഞായറാഴ്ചയാണ് ബസ് ലോഞ്ച് ചെയ്തത്. അദ്യ സ്റോപാകട്ടെ ഏലിംഗ് റോഡും. തുടര്‍ന്ന് ലണ്ടന്‍ മേയര്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം ട്രഫാല്‍ഗര്‍ സ്‌ക്വയറിലും ബസ് എത്തി.

നാളീകേരം ഉടച്ചാണ് ബസ് നിരത്തിലിറക്കിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശത്തില്‍ യുകെയിലെ രാഷ്ട്രീയപ്രവര്‍ത്തകരും സജീവമായി പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും യുകെ വെല്‍കംസ് മോഡി എന്ന പേരില്‍ പ്രത്യേക പേജുകള്‍ ആരംഭിച്ചു കഴിഞ്ഞു. വെബ്സൈറ്റ് അടുത്ത ആഴ്ച നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഒരു പക്ഷേ ലോകത്ത് ആദ്യമായായിരിക്കും ഒരു രാജ്യത്ത് മറ്റൊരു രാജ്യത്തെ പ്രധാമന്ത്രിയുടെ പേരില്‍ ബസ് സര്‍വീസ് തുടങ്ങുന്നത്. വരുന്ന ഒരു മാസം യുകെയിലെ പ്രധാന പ്രവാസി ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ മോഡി എക്‌സ്പ്രസ് എത്തും. ഇന്ത്യയില്‍ ചായ് പേ ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി ലണ്ടനില്‍ ബസ് പേ ചര്‍ച്ച നടത്തുമെന്നും സംഘാടകര്‍ പറയുന്നു.

വെംബ്ലിയിലെ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക. മാഡിസണ്‍ സ്‌ക്വയറില്‍ മോഡിക്ക് ലഭിച്ചതിനെക്കാള്‍ ഗംഭീര സ്വീകരണമാണ് ഇവിടെ ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :