ബ്രസല്‍സ്|
jibin|
Last Updated:
ചൊവ്വ, 7 ജൂലൈ 2015 (09:04 IST)
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗ്രീസിൽ നടന്ന ഹിതപരിശോധനയിൽ സർക്കാർ നിലപാടിന് ജനങ്ങള്‍ പിന്തുണ നല്‍കിയതോടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് ബ്രസല്‍സില്‍ നടക്കും. ഇതിനായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ ബ്രസല്‍സിലെത്തി. യോഗത്തില്‍ ഗ്രീസ് കടക്കെണിയില്‍ നിന്ന് പുറത്തുകടക്കാനുള്ള അന്തിമ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
പുതിയ രക്ഷാപാക്കേജ് സമര്‍പ്പിക്കാന്‍ ഗ്രീസിനോട് കഴിഞ്ഞ ദിവസം ജര്‍മനി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാക്കേജ് നിര്‍ദേശം 24 മണിക്കൂറിനകം സമര്‍പ്പിക്കാന്‍ യൂണിയന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഗ്രീസ് രക്ഷാ പാക്കേജ് പദ്ധതി നിര്‍ദേശം വെക്കുമെന്നാണ് സൂചന. അടിയന്തിര യൂറോ സോണ്‍ യോഗത്തില്‍ ഗ്രീസിന്റെ ഭാവിയെ നിര്‍ണയിക്കുന്ന അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
രാജ്യാന്തര വായ്പകൾ നേടാൻ കടുത്ത നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ടോ എന്ന ഹിതപരിശോധനയിൽ ഇല്ല എന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. ഹിതപരിശോധനയിൽ 61 ശതമാനം പേർ ഇല്ല എന്നു രേഖപ്പെടുത്തി. 39 ശതമാനം പേർ ഉണ്ട് എന്നും രേഖപ്പെടുത്തി. സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുക, ക്ഷേമ പെൻഷനുകൾ നിർത്തിവയ്ക്കുക തുടങ്ങി ഒട്ടേറെ സാമ്പത്തിക അച്ചടക്ക നിർദേശങ്ങളാണ് യൂറോപ്യൻ യൂണിയൻ മുന്നോട്ടുവച്ചിരുന്നത്.
ഗ്രീസിനു മേല്‍ യൂറോപ്യന്‍ ബാങ്ക് ശക്തമായ സമ്മര്‍ദ്ദമാണിപ്പോള്‍ ചെലുത്തുന്നത്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ തുറക്കുന്നത് ഗുണമാകില്ല എന്നതിനാല്‍ വ്യാഴാഴ്ച വരെ ബാങ്കുകള്‍ അടച്ചിടുന്നത് തുടരും. ഗ്രീസിന് നിലവിലെ സാഹചര്യത്തില്‍ കടം കൊടുക്കാനാകില്ലെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ നിലപാട്. നേരത്തെയുള്ള കടങ്ങള്‍ വീട്ടിയാലേ അതിന് സാധിക്കൂ എന്ന് ഗ്രീസ് പ്രസിഡന്റ് സിപ്രാസിനെ ഐഎംഎഫ് അറിയിച്ചു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഐ.എം.എഫ് ഗ്രീസിന് 7.2 ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. നിശ്ചിത സമയത്ത് ഇത് തിരിച്ചടക്കാൻ ഗ്രീസിന് കഴിയാതിരുന്നതോടെയാണ് വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്. യൂറോപ്യൻ യൂണിയൻ നിർദേശങ്ങൾ തള്ളിക്കളയണമെന്നായിരുന്നു അലക്‌സിസ് സിപ്രസ് സർക്കാറിന്റെ ആവശ്യം.