തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വെള്ളി, 9 ഒക്‌ടോബര്‍ 2020 (17:22 IST)
ലോകം ഒന്നാകെ കോവിഡ്19 മഹാമാരിക്കെതിരെ പോരാടുന്ന സമയത്താണ് ലോക മാനസികാരോഗ്യ ദിനം ഒക്ടോബര്‍ 10ന് ആചരിക്കുന്നത്. 'എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.
കോവിഡ് മഹാമാരി എല്ലാ മേഖലകളിലും വെല്ലുവിളികള്‍ ഉണ്ടാക്കുമ്പോള്‍ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാവരും മുന്‍കരുതലുകള്‍ എടുക്കുമ്പോള്‍ പലരും മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ പ്രവണത മാറ്റാനും മാനസികാരോഗ്യ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനും എല്ലാവര്‍ക്കും പൂര്‍ണ മാനസികാരോഗ്യം ഉറപ്പുവരുത്താനും കോവിഡിന്റെ ആരംഭം മുതല്‍ തന്നെ ആരോഗ്യ വകുപ്പ് മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. മാനസികാരോഗ്യ പരിചരണത്തിനായി 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന പേരില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ തന്നെ നല്‍കി വരുന്നു. ക്വാറന്റൈനിലും ഐസൊലേഷനലും കഴിഞ്ഞ 14.9 ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ 36.46 ലക്ഷം കോളുകളാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.