രേണുക വേണു|
Last Modified വ്യാഴം, 12 മെയ് 2022 (13:07 IST)
കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തക്കാളി പനി സ്ഥിരീകരിച്ചിരിക്കുകയാണ്. കേരളത്തില്‍ 80ലധികം കുട്ടികള്‍ക്കാണ് തക്കാളി പനി സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളാ-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ആര്യങ്കാവ്, അഞ്ചല്‍, നെടുവത്തൂര്‍ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആശങ്കയിലാണ് ജനങ്ങള്‍.
പ്രധാനമായും തക്കാളി പനി കുട്ടികളെയാണ് ബാധിക്കുന്നത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുക. ചൊറിച്ചില്‍, ചര്‍മ്മത്തില്‍ അസ്വസ്ഥത, തടിപ്പ്, നിര്‍ജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകള്‍ പോലെ ചുവപ്പ് നിറത്തില്‍ തുടുത്തു വരും. ഈ നിറം കാരണമാണ് തക്കാളി പനി എന്ന് വിളിക്കുന്നത്.
രോഗബാധയുണ്ടായ കുട്ടികള്‍ക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകും. കൈകള്‍, കാല്‍മുട്ടുകള്‍, നിതംബം എന്നിവിടങ്ങളിലെ നിറവിത്യാസമാണ് മറ്റ് ചില ലക്ഷണങ്ങള്‍.അതിന് പുറമെ, രോഗബാധിതരായ കുട്ടികള്‍ക്ക് വയറുവേദന, ഓക്കാനം, ഛര്‍ദ്ദിയോ വയറിളക്കം എന്നിവയും അനുഭവപ്പെടാം. ചുമ, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയാണ് തക്കാളിപ്പനിയുടെ മറ്റ് ലക്ഷണങ്ങള്‍.