രേണുക വേണു|
Last Modified ശനി, 7 മെയ് 2022 (16:00 IST)
കേരളത്തില്‍ അതിവേഗം ജനകീയമാകുന്ന ഒന്നാണ് ഫാസ്റ്റ് ഫുഡ് സംസ്‌കാരം. എന്നാല്‍, ഷവര്‍മ്മ, അല്‍ഫാം, മയോണൈസ് തുടങ്ങിയവ വലിയ രീതിയില്‍ ആരോഗ്യത്തിനു ദോഷമാകുന്ന വാര്‍ത്തയാണ് വ്യാപകമായി കേള്‍ക്കുന്നത്. ഇതിനു പ്രധാന കാരണം എന്താണ്?
ഈ ഭക്ഷണ സാധനങ്ങള്‍ക്കെല്ലാം എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല ഇത്തരം ഭക്ഷ്യവിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറിച്ച് ശരിയായ രീതിയില്‍ പാകം ചെയ്യാത്തതിനാലാണ്. ഒപ്പം വൃത്തിഹീനമായ ചുറ്റുപാടില്‍ പാകം ചെയ്യുന്നതുകൊണ്ടും. കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയാല്‍ ഇവയൊന്നും അപകടകാരികള്‍ അല്ല.
ഷവര്‍മ്മ ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സാല്‍മൊണല്ല, ഷിഗെല്ല എന്നിവയാണ് ഇതിലെ പ്രധാന വില്ലന്‍മാര്‍. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ചിക്കന്‍ പൂര്‍ണ്ണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ കയറുമെന്നും കൂടുതല്‍ അപകടകാരി ഷിഗെല്ലയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മാംസം ഒരു ഇന്‍സുലേറ്റര്‍ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റര്‍ ഉള്ളില്‍ ഉണ്ടാവില്ല. സാല്‍മൊണെല്ല ഉണ്ടാകാതിരിക്കാന്‍ കുറഞ്ഞത് 75 ഡിഗ്രി സെന്റിഗ്രേഡില്‍ പത്ത് മിനിറ്റ് വേവണം. പച്ചമുട്ടയില്‍ ചേര്‍ത്തുണ്ടാക്കുന്ന മയോന്നൈസ് സാല്‍മൊണെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന മറ്റൊരു പദാര്‍ഥമാണ്. കൃത്യമായി വേവാത്ത ഭക്ഷണത്തിലാണ് രോഗാണുക്കളും വൈറസുകളും ഉണ്ടാകുക. അതിനാല്‍ വേവിച്ച ഭക്ഷണം മാത്രം കഴിക്കുക, പഴകിയ ഭക്ഷണവും രണ്ടാമത് ചൂടാക്കിയ ഭക്ഷണവും ഒഴിവാക്കുക എന്നതാണ് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്.