കരയിപ്പിച്ച് ചാര്‍ളി 777; മനുഷ്യനും വളര്‍ത്തുമൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ (റിവ്യു)

രേണുക വേണു| Last Modified വെള്ളി, 10 ജൂണ്‍ 2022 (20:03 IST)

പ്രേക്ഷകരുടെ മനംകവര്‍ന്ന് ചാര്‍ളി 777. കിരണ്‍രാജ് സംവിധാനം ചെയ്ത ചാര്‍ളിയില്‍ രക്ഷിത് ഷെട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി നിങ്ങള്‍ക്കൊരു വളര്‍ത്തുമൃഗമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഈ സിനിമ കാണണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അത്രത്തോളം ഹൃദയസ്പര്‍ശിയാണ് ചിത്രമെന്ന് എല്ലാവരും അവകാശപ്പെടുന്നു.

തീരെ ചെറുപ്പത്തില്‍ അനാഥനായ ധര്‍മയുടെ ജീവിതത്തിലേക്ക് ചാര്‍ളി എന്ന പട്ടിക്കുട്ടി കയറിവരുന്നതാണ് സിനിമയുടെ പ്രമേയം. ആദ്യമൊന്നും ധര്‍മയ്ക്ക് ചാര്‍ളിയോട് ഒരു താല്‍പര്യവും തോന്നുന്നില്ല. എന്നാല്‍ പിന്നീട് ധര്‍മയും ചാര്‍ളിയും പിരിയാന്‍ സാധിക്കാത്ത വിധം അടുക്കുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചാര്‍ളി 777 എന്ന ചിത്രത്തില്‍ പറയുന്നത്.

ആരോടും ഒരു അടുപ്പവും സ്നേഹവും കാണിക്കാന്‍ കഴിയാത്ത ധര്‍മ ചാര്‍ളിയുടെ വരവോടെ ആളാകെ മാറുന്നു. ചാര്‍ളി ധര്‍മയെ സ്നേഹം കൊണ്ട് കീഴടക്കുന്നു. പലയിടത്തും ഇരുവരുടേയും സ്നേഹവും അടുപ്പവും പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നു.

ധര്‍മ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുന്നത് രക്ഷിത് ഷെട്ടിയാണ്. ചാര്‍ളിയായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട പട്ടിക്കുട്ടിയാണ്. സംഗീത ശംഗേരിയാണ് നായികയായെത്തുന്നത്. രാജ് ബി. ഷെട്ടി, ബോബി സിന്‍ഹ, ഡാനിഷ് സേട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കെ.എന്‍. വിജയകുമാര്‍, സതീഷ് മുതുകുളം, സഞ്ജയ് ഉപാധ്യായ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത് അരവിന്ദ് എസ്.കശ്യപിന്റെ ക്യാമറയാണ്. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് പ്രതീക് ഷെട്ടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :