രേണുക വേണു|
Last Modified ബുധന്‍, 26 ജനുവരി 2022 (22:40 IST)
പ്രേക്ഷക പ്രതീക്ഷകളെ കാത്ത് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി. ജനുവരി 26 അര്‍ധരാത്രി 12 ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ബ്രോ ഡാഡി റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ശരാശരിക്ക് മുകളിലുള്ള സിനിമയെന്ന് ബ്രോ ഡാഡിയെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം.
ട്രെയ്ലറില്‍ നിന്നും ടീസറുകളില്‍ നിന്നും പ്രേക്ഷകന് സിനിമയുടെ വണ്‍ലൈന്‍ കഥ മനസിലായിരുന്നു. പ്രേക്ഷകന്റെ മുന്‍വിധികളെയെല്ലാം നീതീകരിക്കുന്ന വിധമാണ് സിനിമയുടെ കഥയും തിരക്കഥയും മുന്നോട്ട് പോകുന്നത്. ശരാശരി തിരക്കഥയെ വളരെ ലൈറ്റ് ഹെര്‍ട്ടഡ് ആയ കോമഡി ചിത്രമാക്കുന്നതില്‍ അഭിനേതാക്കളുടെ പ്രകടനത്തിന് വലിയ പങ്കുണ്ട്. മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള എല്ലാ താരങ്ങളും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. എങ്കിലും എടുത്തുപറയേണ്ടത് ലാലു അലക്സിന്റെ ഗംഭീര പ്രകടനമാണ്. സിനിമയുടെ ഗ്രാഫ് താഴുന്ന സന്ദര്‍ഭങ്ങളിലെല്ലാം ലാലു അലക്സ് സിനിമയെ പിടിച്ചുനിര്‍ത്തുന്നുണ്ട്.
മോഹന്‍ലാല്‍-പൃഥ്വിരാജ് കോംബോ സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കുന്നു. രണ്ട് സൂപ്പര്‍താരങ്ങള്‍ അച്ഛനും മകനുമായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു കൗതുകം കൂടിയാണ്. പൃഥ്വിരാജ് എന്ന ബുദ്ധിമാനായ സംവിധായകന്‍ തുടക്കം മുതല്‍ സിനിമയെ ബൂസ്റ്റ് ചെയ്യാന്‍ പ്രയോഗിച്ചതും ആ തന്ത്രം തന്നെയാണ്.
എല്ലാ അര്‍ത്ഥത്തിലും കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാകുമ്പോഴും അബോര്‍ഷന്‍ മഹാപാതകമാണെന്ന് പറഞ്ഞുവയ്ക്കുന്ന തരത്തിലുള്ള സീനുകള്‍ സിനിമയുടെ മെറിറ്റിനെ ചോദ്യം ചെയ്യുന്നു. പൃഥ്വിരാജിനെ പോലൊരു സംവിധായകനില്‍ നിന്ന് പുരോഗമന കാഴ്ചപ്പാടുള്ള പ്രേക്ഷകര്‍ ഒരിക്കലും ഇത് ആഗ്രഹിക്കുന്നില്ല.
പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നത് ആദ്യ പകുതി തന്നെയാണ്. രണ്ടാം പകുതിയില്‍ പലപ്പോഴും ആദ്യ പകുതിയിലെ രസച്ചരട് പൊട്ടിപ്പോകുന്നുണ്ട്. അപ്പോഴും മോഹന്‍ലാലും പൃഥ്വിരാജും ലാലു അലക്സും ചേര്‍ന്ന് സിനിമയെ താങ്ങി നിര്‍ത്തുന്നു. സംവിധാന മികവില്‍ ലൂസിഫറിനേക്കാള്‍ താഴെയാണ് പൃഥ്വിരാജ് എന്ന സംവിധായകന്‍ ബ്രോ ഡാഡിയിലൂടെ അടയാളപ്പെടുത്തുന്നത്. കുറേ നാളുകളായി പ്രേക്ഷകന്‍ ആഗ്രഹിച്ചു കാത്തിരിക്കുന്ന വിന്റേജ് ലാലേട്ടന്‍ ഭാവങ്ങള്‍ ഇടയ്ക്കിടെ സ്‌ക്രീനില്‍ തെളിയുന്നതും ആരാധകര്‍ക്ക് തരക്കേടില്ലാത്ത വിരുന്നാകുന്നു.
റേറ്റിങ് 3/5