കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (10:50 IST)
15ഓളം ഗാനങ്ങളുമായാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം പ്രേക്ഷകരിലേക്കെത്തുന്നത്. എന്നും ഹൃദയത്തോട് സൂക്ഷിക്കാവുന്ന പാട്ടുകള്‍ ചിത്രത്തിലുണ്ടെന്ന് സൂചന കല്യാണി പ്രിയദര്‍ശന്‍ നല്‍കിയിരുന്നു. ഓരോ ദിവസവും ചിത്രത്തിലെ ഓരോ ഗാനങ്ങളോടാണ് ഇഷ്ടം തോന്നുന്നതെന്ന് നടി പറഞ്ഞിരുന്നു.സിനിമയിലൂടെ ഓഡിയോ കാസറ്റ് ടേപ്പുകള്‍ തിരികെ കൊണ്ടുവരുമെന്ന് വിനീത് ശ്രീനിവാസന്‍ അറിയിച്ചിരുന്നു.
ഇന്ത്യയില്‍ ഓഡിയോ കാസറ്റ് നിര്‍മാണം ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ജപ്പാനില്‍ നിന്നുമാണ് കാസറ്റുകള്‍ എത്തിക്കുന്നതെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.കുറച്ച് ലിമിറ്റഡ് എഡിഷന്‍ വിനൈല്‍ റെക്കോര്‍ഡുകളും റിലീസ് ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം ആലോചിക്കുന്നുണ്ട്.
'തിങ്ക് മ്യൂസിക്കിലെ ടീമിനൊപ്പം നിന്ന് ഒരു ലിസണിംഗ് സെഷന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും ഒരു ഇരുണ്ട മുറിയില്‍ ഇരുന്നു, എല്ലാ മാസ്റ്റേര്‍ഡ് ട്രാക്കുകളും അവലോകനം ചെയ്തു. നാളെ ഞങ്ങള്‍ ഫൈനല്‍ മാസ്റ്റര്‍ റെക്കോര്‍ഡ് ലേബലിന് കൈമാറും. ഓഡിയോ കാസറ്റ് നിര്‍മ്മാണം നമ്മുടെ രാജ്യത്ത് കാലഹരണപ്പെട്ടതിനാല്‍, ജപ്പാനിലെ ഒരു കാസറ്റ് നിര്‍മ്മാതാക്കളുമായി പങ്കുചേരാനും അവിടെ നിന്ന് പകര്‍പ്പുകള്‍ ഇറക്കുമതി ചെയ്യാനും തിങ്ക് മ്യൂസിക് തീരുമാനിച്ചു.
OST- കള്‍ ഉള്‍പ്പെടെ 20 -ലധികം ട്രാക്കുകളുള്ള ഹൃദയത്തിന്റെ ലിമിറ്റഡ് എഡിഷന്‍ വിനൈല്‍ റെക്കോര്‍ഡ്‌സ് പുറത്തിറക്കാനും തിങ്ക് മ്യൂസിക് പദ്ധതിയിടുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷമായിരിക്കും ഇത്'-വിനീത് ശ്രീനിവാസന്‍ കുറിച്ചു.