ജോഷിക്ക് വീണ്ടും ഡെന്നിസ് ജോസഫിന്റെ തിരക്കഥ, മമ്മൂട്ടിച്ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ?

മമ്മൂട്ടി, ജോഷി, ഡെന്നിസ് ജോസഫ്, Mammootty,Joshiy, Dennis Joseph
Last Modified വെള്ളി, 22 മാര്‍ച്ച് 2019 (15:42 IST)
മലയാളത്തിലെ ഏറ്റവും ശക്തമായ ചില കൊമേഴ്സ്യൽ സിനിമകൾ ജോഷി- ഡെന്നിസ് ജോസഫ് ടീമിന്റേതാണ്. ആ കൂട്ടുകെട്ടിനൊപ്പം മമ്മൂട്ടി കൂടി ചേർന്നപ്പോൾ പിറന്നത് ബ്ലോക്ബസ്റ്ററുകൾ. എന്നാൽ നമ്പർ 20 മദ്രാസ് മെയിൽ, നായർസാബ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോഷിയും ഡെന്നിസും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഭൂപതി എന്ന സിനിമയ്ക്ക് ശേഷം ജോഷിക്കു വേണ്ടി ഡെന്നിസ് ജോസഫ് എഴുതിയിട്ടില്ല.

എന്നാൽ ജോഷിയും ഡെന്നിസും തമ്മിൽ പിണക്കമൊന്നുമില്ല. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സിനിമയ്ക്കുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കുന്നില്ല എന്നുമാത്രം. ഏറ്റവും പുതിയ വിവരം അനുസരിച്ച്, ജോഷിയും ഡെന്നിസ് ജോസഫും വീണ്ടും ഒരുമിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ലക്‌ഷ്യം.

ജോഷിയുടെ കരിയർ ഗ്രാഫ് ഇപ്പോൾ അൽപ്പം ഡൗൺ ആണ്. ലൈലാ ഓ ലൈലയുടെ കനത്ത പരാജയത്തിന് ശേഷം സിനിമയിൽ നിന്നുതന്നെ അദ്ദേഹം നീണ്ട ഇടവേളയെടുത്തു. ഇപ്പോൾ ജോജുവിനെ നായകനാക്കി പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. എങ്കിലും വലിയ സിനിമകളുടെ ലോകത്തേക്ക് മടങ്ങിവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതാണ് ഡെന്നിസ് ജോസഫ് - മമ്മൂട്ടി ടീമിനൊപ്പം ചേരുന്നതെന്നാണ് റിപ്പോർട്ടുകൾ.

നസ്രാണി, ട്വന്റി20 എന്നീ ഹിറ്റുകൾക്ക് ശേഷം മമ്മൂട്ടിയും ഒരു ജോഷി ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. പുതിയ ചിത്രം അതിനും ഒരു മറുപടിയാകുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :