കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 10 നവംബര്‍ 2020 (14:13 IST)
2019 മാര്‍ച്ച് 28-ന് റിലീസ് ചെയ്ത മലയാള ചിത്രം 'ലൂസിഫർ' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവാൻ ഒരുങ്ങുകയാണ്. മോഹൻലാലിൻറെ സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി എത്തുന്നു എന്ന വാര്‍ത്ത ചില്ലറ ആവേശമൊന്നുമല്ല ആരാധകരില്‍ നിറച്ചത്. 200 കോടി ക്ലബ്ബിൽ കയറിയ ഈ പൃഥ്വിരാജ് ചിത്രം, തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചായിരിക്കും റീമേക്ക് ചെയ്യുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ പ്രൊജക്ട് ആകെ അവതാളത്തിലായിരിക്കുകയാണെന്നാണ് വിവരം. ആദ്യം ചിത്രത്തിന്‍റെ സംവിധായകനായി നിശ്ചയിച്ചിരുന്നത് സാഹോ ഒരുക്കിയ സുജീത്തിനെയായിരുന്നു. പിന്നീട് അദ്ദേഹം പ്രൊജക്ടില്‍ നിന്ന് പുറത്തായി. അതിനുശേഷം തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ വി വി വിനായക് ഈ സിനിമ ഏറ്റെടുത്തു. എന്നാല്‍ വിനായകും ഇപ്പോള്‍ ഈ സിനിമയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ചിരഞ്ജീവിയുടെ തൃപ്തിക്ക് അനുസരിച്ച് തിരക്കഥ ശരിയാക്കാന്‍ കഴിയാതിരുന്നതാണ് വിനായകിനും വിനയായതത്രേ.
ഇനി പൃഥ്വിരാജ് തന്നെ ഈ സിനിമ തെലുങ്കിലും സംവിധാനം ചെയ്യേണ്ടിവരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തേ പൃഥ്വി തന്നെ സംവിധാനം ചെയ്യട്ടെ എന്ന ക്ഷണം ചിരഞ്ജീവി മുന്നോട്ടുവച്ചിരുന്നെങ്കിലും പൃഥ്വി സ്നേഹപൂര്‍വം അത് നിരസിക്കുകയായിരുന്നു.
ആചാര്യ എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം ചിരഞ്ജീവി തന്റെ അടുത്ത ചിത്രത്തിനുള്ള ഒരുക്കങ്ങളിലാണ്. അതിനിടെ അദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയും ചെയ്തു. തമിഴ് ചിത്രം വേതാളം റീമേക്ക് ചെയ്യാനാണ് ചിരഞ്ജീവി ഒരുങ്ങുന്നത്.