ധോണിയെ എങ്ങനെ മറക്കും; കൂളാകാന്‍ കോഹ്‌ലിക്കാകുമോ ?

ടീം ഇന്ത്യ , രാഹുല്‍ ദ്രാവിഡ് , മഹേന്ദ്ര സിംഗ് ധോണി , ബിസിസിഐ , രാഹുല്‍ ദ്രാവിഡ്
ജിബിന്‍ ജോര്‍ജ്| Last Updated: ബുധന്‍, 24 ജൂണ്‍ 2015 (15:44 IST)
കപിലിന്റെ ചെകുത്താന്‍മാര്‍ക്ക് ശേഷം ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ഇന്ത്യന്‍ നായകന് ഇന്ന് തിരിച്ചടികളുടെ കാലമാണ്.
അണിയറകളില്‍ ഉരുണ്ടുകൂടിയിരുന്ന ആരോപണങ്ങള്‍ ഡെയ്‌ന്‍ സ്‌റ്റെയിന്റെ ബൌണ്‍സര്‍ പോലെ മഹേന്ദ്ര സിംഗ് ധോണിക്ക് നേരെ ചീറിപ്പാഞ്ഞുവരുകയാണ്. ബംഗ്ലാദേശുമായി ചരിത്രത്തില്‍ ആദ്യമായി ഏകദിന പരമ്പര കൈവിട്ട ധോണി നായകസ്ഥാനം വലിച്ചെറിയാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ ധോണി ടീമില്‍ ഉള്ളപ്പോള്‍ ആ സ്ഥാനത്തേക്ക് എങ്ങനെ മറ്റൊരാളെ
കുടിയിരുത്തുമെന്ന ആശങ്കയിലാണ് ബിസിസിഐ.

ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാര്‍ അണിനിരന്ന 2007 ലോകകപ്പിലെ പ്രാഥമിക റൌണ്ടില്‍ തന്നെ പുറത്ത്. അപ്രതീക്ഷിതമായ തോല്‍വിയില്‍ അന്നത്തെ ടീം നായകനായാ രാഹുല്‍ ദ്രാവിഡ് നായകസ്ഥാനം ഉപേക്ഷിച്ചപ്പോള്‍ ബിസിസിഐക്ക് പുതിയ നായകനെ കണ്ടത്തേണ്ടി വന്നു. പതിവ് പോലെ നായകസ്ഥാനം കറങ്ങിത്തിരിഞ്ഞ് സച്ചിന്‍ തെന്‍ഡുക്കറുടെ കൈകളിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ആ സ്ഥാനം മഹേന്ദ്ര സിംഗ് ധോണിയിലേക്ക് അദ്ദേഹം തിരിച്ചുവിട്ടത്. അങ്ങനെ സച്ചിന്റെ ആശിര്‍വാദത്തോടെ ടീം ഇന്ത്യയുടെ നായകനായി ധോണിയെത്തി.

ആരും കൊതിക്കുന്നതും അതിലുപരി തലവേദന കൂടെപ്പിറപ്പാകുന്നതുമായ ഇന്ത്യന്‍ നായകസ്ഥാനം ഏറ്റെടുത്ത ധോണിക്ക് 2007 വെല്ലുവിളിയുടെ കാലഘട്ടമായിരുന്നു. ലോകകപ്പില്‍ തകര്‍ന്ന ടീം ഇന്ത്യയെ ജയ പാതയിലേക്ക് എത്തിക്കുക, അതിലുപരി ടീമിന് പുതിയമുഖം നല്‍കുക എന്ന വമ്പന്‍ ദൌത്യവും അദ്ദേഹത്തിലെത്തിച്ചേര്‍ന്നു. മുതിര്‍ന്ന താരങ്ങള്‍ എല്ലാം ഒഴിഞ്ഞുമാറിയ പ്രഥമ ട്വിന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ മുട്ടുകുത്തിച്ച് ധോണി ഇന്ത്യന്‍ ടീമിന്റെ ഹീറോ ആയി തീര്‍ന്നു. അതിനുശേഷം ടെസ്‌റ്റ് റാങ്കിങ്ങില്‍ ടീം ഒന്നാമതെത്തിയതും, ഇഗ്ലണ്ടിനെ കീഴടക്കി മിനി ലോകകപ്പ് നേടിയതും 2011 ലോകകപ്പ് നേടിയതും ധോണിയുടെ തന്ത്രങ്ങളില്‍ മാത്രമായിരുന്നു.

എന്നാല്‍ ഇന്ന് കഥകള്‍ മാറിമറിഞ്ഞു. ധോണി ഇപ്പോള്‍ വില്ലനാണ്. ടീം ഇന്ത്യയെ നാശത്തിലേക്ക് നയിക്കുന്ന നായകന്‍ എന്ന പേരും വീണു. ധോണി നായകസ്ഥാനം ഒഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് കേള്‍ക്കുന്ന പേരുകളാണ് വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നീ രണ്ട് പേരുകളാണ്. ടെസ്‌റ്റ് നായകനായ കോഹ്‌ലിക്ക് തന്നെയാണ് ആ സ്ഥാനമെങ്കിലും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കോഹ്‌ലിക്ക് കഴിയുമോം എന്ന് കണ്ടറിയണം.

ധോണിക്ക് പകരക്കാരന്‍ കോഹ്‌ലി ?

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വെല്ലുവിളി നിറഞ്ഞതാണെന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായ സൌരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. സമ്മര്‍ദ്ദങ്ങളില്‍ അടിമപ്പെട്ട് പോകുന്ന വിരാട് കോഹ്‌ലി എങ്ങനെ ടീമിനെ നയിക്കുമെന്ന് ആര്‍ക്കും വ്യക്തമല്ല. ഗ്രൌണ്ടില്‍ എതിര്‍ താരങ്ങളോട് കയര്‍ക്കുകയും വിവാദങ്ങള്‍ എന്നും കൂടെ കൊണ്ടു നടക്കുകയും ചെയ്യുന്ന അദ്ദേഹം വിജയ നായകനാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. വര്‍ഷത്തില്‍ ഒമ്പത് മാസവും തുടര്‍ച്ചയായി കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ പരുക്കുകള്‍ സഹചാരിയാണ്. നിലവില്‍ ധോണി പക്ഷത്തുള്ള സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, സ്‌റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ കോഹ്‌ലിക്ക് എത്രത്തോളം പിന്തുണ നല്‍കുമെന്ന് കണ്ടറിയണം.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ ആരെയും ഞെട്ടിക്കുന്ന തരത്തില്‍ ഫീല്‍ഡില്‍ മാറ്റം വരുത്തുകയും ബോളര്‍മാരെ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്ന ധോണിയുടെ ശൈലി കോഹ്‌ലിയില്‍ ഇല്ല. ചില താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി അവരില്‍ നിന്ന് റിസല്‍ട്ട് ഉണ്ടാക്കാനുള്ള മിസ്‌റ്റര്‍ കൂളിന്റെ രീതി കോഹ്‌ലിക്ക് ബാലികേറാമലയാകും.

ധോണി നായകസ്ഥാനം ഒഴിഞ്ഞ് ടീമില്‍ തുടര്‍ന്നാല്‍ ധോണിയെ ഏത് സ്ഥാനത്ത് ഉള്‍ക്കൊള്ളണമെന്നും, അദ്ദേഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതും കോഹ്‌ലിക്ക് ചിന്തിക്കേണ്ടിവരും. ഫോം മങ്ങിയാല്‍ ധോണിയെ കളത്തിലിറക്കണമോ എന്ന ശക്തമായ തീരുമാനം വരെ എടുക്കേണ്ടിവരും. ആ സാ‍ഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കോഹ്‌ലിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്. ധോണി ഒഴിഞ്ഞാല്‍ ടീമില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി ടീമിനെ ജയപാതയില്‍ എത്തിക്കുക എന്ന ഉത്തരവാദിത്വമാകും കോഹ്‌ലിയെ കാത്തിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :