2007 ലോകകപ്പില്‍ സംഭവിച്ചത് എങ്ങനെ മറക്കും, രഹാനെയ്‌ക്ക് സമയമുണ്ട്: ധോണി

മഹേന്ദ്ര സിംഗ് ധോണി , അബാട്ടി റായുഡു , അജിന്‍ക്യ രഹാനെ
മിര്‍പൂര്‍| jibin| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (14:38 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് പകരം അബാട്ടി റായുഡുവിനെ കളിപ്പിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. രണ്ടാം ഏകദിനത്തില്‍ സ്ലോ പിച്ചായിരുന്നു. ഇത്തരം പിച്ചുകളില്‍ നാലാമാതോ അഞ്ചാമതോ ആയി ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ രഹാനെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാറുണ്ട്. ഇതേത്തുടര്‍ന്നാണ് രഹാനെയെ ഒഴിവാക്കി റായിഡുവിനെ ഇറക്കിയതെന്നും ധോണി വ്യക്തമാക്കി.

രഹാനെ കുറച്ചുകൂടി കാത്തിരുന്നാല്‍ മാത്രം മതി. വലിയ സാങ്കേതികത്തികവൊന്നുമില്ലാത്ത റായുഡു ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കളിയോടുള്ള സമീപനം ആര്‍ക്കും ഇഷ്ടമാകുന്നതാണ്. അതിലുപരി റണ്‍ കണ്ടെത്താനുള്ള കഴിവ് മികച്ചതാണ്. മധ്യനിരയില്‍ അത് പ്രധാനവുമാണെന്നും ധോണി വ്യക്തമാക്കി.

ആദ്യം ഏകദിനത്തില്‍ മൂന്ന് പേസ് ബൗളര്‍മാരില്‍ ആര്‍ക്കും അവരുടെ ക്വാട്ട പൂര്‍ത്തിയാക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു പേസ് ബൗളര്‍ക്ക് പകരം ഒരു സ്പിന്നറെ കളിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ പ്രതിരോധിക്കാന്‍ അധികം റണ്‍സില്ലാതിരുന്നതിനാല്‍ ബൗളര്‍മാരുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തുന്നത് ശരിയല്ലെന്നും ധോണി പറഞ്ഞു.

ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച താരങ്ങളാണ് ഇപ്പോള്‍ ടീമില്‍ ഉള്ളത്. അതിനാല്‍ മൂന്നാം ഏകദിനത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകില്ല. ബംഗ്ലാദേശിനെതിരെ പരമ്പര കൈവിട്ടത് കരിയറിലെ ഏറ്റവും വലിയ പരാജയമാണെന്ന് കരുതുന്നില്ല. 2007ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റ് ആദ്യ റൗണ്ടില്‍ പുറത്തായ കാര്യം മറന്നിട്ടില്ലെന്നും ധോണി ഓര്‍മിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :