കോലി ഡബിൾ സെഞ്ചുറികൾ നേടിയിരുന്നപ്പോഴും ക്യാപ്‌റ്റനായിരുന്നു, ക്യാപ്‌റ്റൻസിയെ പറ്റിയുള്ള ചർച്ചകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ ഇതിഹാസം

അഭിറാം മനോഹർ| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (21:08 IST)
ക്രിക്കറ്റ് ലോകത്ത് ചുരുങ്ങിയ കാലയളവിലാണ് ഇന്ത്യൻ നായകൻ വിരാട് കോലി തന്റെ പേരിലേക്ക് 70 സെഞ്ചുറികൾ എഴുതിചേർത്തത്. നൂറ് സെഞ്ചുറികളെന്ന ഇന്ത്യൻ ഇതിഹാസതാരമായ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോഡ് നേട്ടം കോലി മറികടക്കുമെന്ന് ക്രിക്കറ്റ് ലോകം തന്നെ കണക്കുകൂട്ടുമ്പോൾ കഴിഞ്ഞ രണ്ട് വർഷകാലമായി ഇന്ത്യൻ താരത്തിന്റെ ബാറ്റിൽ നിന്നും സെഞ്ചുറികൾ ഒന്നും തന്നെ പിറന്നിട്ടില്ല.

ഇപ്പോഴിതാ സെഞ്ചുറികളുടെ വരൾച്ചയ്ക്ക് അറുതിയിട്ട് ഇന്ത്യൻ നായകൻ തന്റെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പറയുകയാണ് ഇന്ത്യയുടെ ഇതിഹാസ താരമായ കപിൽ ദേവ്. കോലിയുടെ ക്യാപ്‌റ്റൻസിയുമായി ബന്ധപ്പെട്ടുയരുന്ന ചർച്ചകൾ അനാവശ്യമാണെന്നും കപിൽദേവ് പറഞ്ഞു.

വിരാട് റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നപ്പോള്‍ ക്യാപ്റ്റന്‍സിയെയും ബാറ്റിംഗിനെയും ആരും ബന്ധപ്പെടുത്തിയിരുന്നില്ല.കരിയറിൽ എല്ലാവർക്കും ഉയർച്ച താഴ്‌ച്ചകൾ ഉണ്ടാവും. കോഹ്ലി ഡബിള്‍ സെഞ്ച്വറികളും സെഞ്ച്വറികളും നേടിയപ്പോള്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലേ ? അതിനര്‍ത്ഥം കോഹ്ലിയുടെ ക്യാപ്റ്റന്‍ പദത്തെ കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ വേണ്ടെന്നതാണ്. പകരം അദ്ദേഹത്തിന്റെ മികവ് കണക്കിലെടുക്കു. കപിൽ പറഞ്ഞു.

വിരാട് കോലി ഫോം വീണ്ടെടുത്താൽ വലിയ സെഞ്ചുറികൾ ഇനിയും പിറക്കുമെന്നും താളം തിരിച്ചുപിടിച്ചാൽ ടെസ്റ്റിൽ കോലി ട്രിപ്പിൾ സെഞ്ചുറി പോലും കുറിച്ചേക്കാമെന്നും കപിൽ ദേവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :