ആദ്യഡോസ് 90 ശതമാനം പിന്നിട്ടു, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത ഡെങ്കി പുതിയ വകഭേദമെല്ലെന്ന് ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (18:07 IST)
സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിൽ വലിയ നേട്ടമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ എടുത്തവർ 90 ശതമാനത്തിന് മുകളിലെത്തിയെന്നും അഞ്ചു ജില്ലകളിൽ ഇത് നൂറ് ശതമാനത്തിനടുത്താണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ 2,39,67,633 (2.39 കോടി) പേര്‍ക്ക് ആദ്യ ഡോസ് നല്‍കി.

സംസ്ഥാനത്ത് മരണസംഖ്യ കൂടുത‌ലും വാക്‌സിൻ എടുക്കാത്തവരിലാണ്. കോവിഡ് ജാഗ്രതയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങൾ തമ്മിൽ സാമൂഹിക അകലം ഉൾപ്പടെയുള്ളവ പാലിച്ചാൽ മാത്രമെ നിലവിലെ ഇളവുകൾ തുടരാനാവു എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഡെങ്കിയ്ക്ക് പുതിയ വകഭേദമെന്ന പ്രചാരണം ശരിയല്ലെന്നും ഇത് മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പുതുതായി എത്തിയെന്ന് പറയുന്ന വകഭേദം 2017ല്‍ രാജ്യത്ത് കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ റിപ്പോർട്ട് ചെയ്‌തിരുന്നുവെന്നും ഡെങ്കിയുടെ നാല് വകഭേദങ്ങളില്‍ ഏറ്റവും അപകടകരമായതാണിതെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :