അഭിറാം മനോഹർ|
Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2021 (14:29 IST)
തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള മലയാള സിനിമാതാരമാണ് നിവിൻ പോളി. റിച്ചി എന്ന ചിത്രത്തിലൂടെ നിവിൻ തമിഴിൽ ഒരു കൈ പയറ്റിയെങ്കിലും ചിത്രം വലിയ വിജയമായിരുന്നില്ല. ഇപ്പോഴിതാ വിഖ്യാത സംവിധാകൻ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിൽ രണ്ടാം വരവിന് തയ്യാറെടുക്കുകയാണ് താരം. മുടിയും താടിയും നീട്ടിവളർത്തിയ തരത്തിലാണ് താരം സിനിമയിലെത്തുന്നത്.
ഇപ്പോളിതാ സോഷ്യൽ മീഡിയയാകെ തരംഗമായിരിക്കുകയാണ് നിവിൻ പോളിയുടെ പുതിയ ലുക്ക്.മുടി നീട്ടി സ്റ്റൈലിഷായാണ് നിവിൻ ഇത്തവണ എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഈശോയെപോലെയുണ്ടെന്നാണ് പലരും ചിത്രത്തിനടിയിൽ കുറിച്ചിരിക്കുന്നത്.നടിമാരായ ശ്രിന്ദ,അപർണ എന്നിവരും ഇതേ കമന്റുമായി എത്തിയിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത പേരൻപിന് ശേഷം റാം ഒരുക്കുന്ന ചിത്രം ധനുഷ്‌കോടിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ അഞ്ജലിയാണ് നായികയായെത്തുന്നത്. തമിഴ് നടൻ സൂരിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.